
മുട്ടം: പെട്രോൾ പമ്പിന് സമീപത്തുള്ള കുഴിയിൽ വീണ് വാഹനാപകടങ്ങൾ നിത്യസംഭവങ്ങളാകുമ്പോഴും ജനപ്രതിനിധികൾ ഉൾപ്പടെയുള്ള അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് ഇവിടെ വലിയ ഗർത്തം രൂപപ്പെട്ടത്. പൊട്ടിയ പൈപ്പിൽ നിന്ന് അതി ശക്തമായിട്ടാണ് വെള്ളം പുറത്തേക്ക് തള്ളുന്നത്. ഓരോ ദിവസം കഴിയുന്തോറും കുഴി കൂടുതൽ വലുതാകുകയാണ്. ഇവിടെയെത്തുന്ന വാഹനങ്ങൾ ഗർത്തത്തിൽ വീഴാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയോ വെട്ടിച്ച് മാറ്റുകയോ ചെയ്യുന്നതിനെ തുടർന്നാണ് അപകടങ്ങൾ സംഭവിക്കുന്നത്. ഇരുചക്ര വാഹനങ്ങളാണ് ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത്. തൊടുപുഴയിൽ വസ്ത്ര- വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കുടയത്തൂർ സ്വദേശിയായ വനിത സഞ്ചരിച്ച സ്‌കൂട്ടർ കഴിഞ്ഞ ദിവസം രാത്രിയിൽ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. ചെറുതും വലുതുമായ അനേകം വാഹനങ്ങൾ നിത്യവും കടന്ന് പോകുന്ന തൊടുപുഴ- മുട്ടം റൂട്ടിലാണ് ഈ അപകടക്കെണി. വാഹനാപകടങ്ങൾ പതിവായതോടെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ഗർത്തത്തിൽ ഇഷ്ടിക നിരത്തി താത്കാലികമായി അപകടാവസ്ഥ പരിഹരിച്ചെങ്കിലും ശാശ്വതമല്ല. പ്രശ്ന പരിഹാരത്തിന് വാട്ടർ അതോറിട്ടിയും പൊതുമരാമത്ത് വകുപ്പും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.