car
അഞ്ചുരുളി വിനോദസഞ്ചാര മേഖലയിലേക്കുള്ള പാത തകർന്ന നിലയിൽ.

കട്ടപ്പന: ഹൈറേഞ്ചിലെ കാഴ്ചകളെ തേടിയെത്തുന്ന വിനോദസഞ്ചാരികളുടെ ആദ്യ ടൂറിസ്റ്റ് സ്പോട്ടുകളിലൊന്നായ അഞ്ചുരുളി അധികൃതരുടെ അവഗണനയുടെ പട്ടികയിലും ഒന്നാം സ്ഥാനത്താണ്. നാളുകളായി ഇവിടേക്കുള്ള പാത കുണ്ടുംകുഴിയുമായി കിടക്കുകയാണ്. ഗ്രാമ പഞ്ചായത്തും ജില്ലാ പഞ്ചായത്തും പരസ്പരം പഴിചാരുന്നതല്ലാതെ പാതയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയില്ല. നാളുകൾക്കു മുമ്പാണ് പാതയിൽ അറ്റകുറ്റ പണികൾ എങ്കിലും നടത്തിയത്. മഴക്കാലം ആരംഭിച്ചതോടെ വലിയ വെള്ളക്കെട്ട് രൂപപ്പെടുകയും പ്രദേശവാസികൾ വാഴ നട്ട് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അധികാരികൾ പാതയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ യാതൊരുവിധ നടപടിയും സ്വീകരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സഞ്ചാരികൾ അഞ്ചുരുളിയെ പലപ്പോഴും അവഗണിക്കുന്നു. അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും മേഖലയിൽ സുരക്ഷാക്രമീകരണങ്ങൾ സജ്ജമാക്കുന്നതിനും അഞ്ചുരുളിയെ സംരക്ഷിക്കുന്നതിനും പഞ്ചായത്തിനും വീഴ്ച പറ്റുന്നെന്നാണ് പരാതി.

മാസങ്ങളായി അടഞ്ഞുകിടന്ന ഇവിടത്തെ ശൗചാലയം ഓണത്തിനോട് അനുബന്ധിച്ച് തുറന്നിരുന്നു. എന്നാൽ വെള്ളത്തിന്റെ അഭാവത്തിൽ വീണ്ടും അടച്ചുപൂട്ടി. ശൗചാലയത്തിന്റെ പ്രവർത്തനം സ്ഥിരമായി മുടങ്ങുന്നത് മേഖലയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കൂടാതെ അഞ്ചുരുളിയുടെ പരിസരങ്ങൾ മുഴുവൻ കാടുപടലങ്ങൾ മൂടി കിടക്കുകയാണ്. ഇവിടം ശുചിയാക്കാൻ പഞ്ചായത്ത് നടപടികൾ സ്വീകരിക്കുന്നില്ല. അഞ്ചുരുളിയുടെ പ്രധാന ആകർഷണമായ തുരങ്ക മുഖത്തേക്ക് പോകാനുള്ള വഴിയിൽ യാതൊരുവിധ സുരക്ഷാക്രമീകരണവും ഇല്ല. ഇത്തരത്തിലെ വിവിധ പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഉള്ള സഞ്ചാരികളുടെ തിരക്ക് നന്നേ കുറഞ്ഞു വരികയാണ്. അടിയന്തരമായി അധികൃതർ ശ്രദ്ധ ചെലുത്തി അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രതിസന്ധികൾ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

വനംവകുപ്പും വില്ലൻ

നിരവധി സഞ്ചാരികളെത്തുന്ന അഞ്ചുരുളിയിൽ അടിസ്ഥാനസൗകര്യമൊരുക്കുന്നത് എതിർക്കുന്നതിൽ വനംവകുപ്പും മുൻപന്തിയിൽ തന്നെയുണ്ട്. അഞ്ചുരുളി ജലാശയത്തിൽ ബോട്ടിംഗ് ആരംഭിക്കുന്നതിന് വി.എസ് സർക്കാരിന്റെ കാലത്ത് അനുവദിച്ച ബോട്ട് വെള്ളം കാണാതെ ഇപ്പോഴും കരയിലിരിക്കുകയാണ്. വനംവകുപ്പ് അനുമതി നൽകാത്തതിനാലാണ് ബോട്ടിംഗ് അനുവദിക്കാത്തത്. കെ.എസ്.ഇ.ബി ഡാം സുരക്ഷാ വിഭാഗത്തിന്റെയാണ് ജലാശയമെങ്കിലും ഇതിലെ വെള്ളത്തിന്റെ ഉടമസ്ഥാവകാശം വനംവകുപ്പിനാണെന്ന നിയമം പറഞ്ഞാണ് ബോട്ടിംഗിന് തടയിട്ടത്. ബോട്ടിംഗ് കൂടി ആരംഭിച്ചാൽ സഞ്ചാരികൾ ഇരട്ടിയായേനെ. സർക്കാരിന് കൂടുതൽ വരുമാനവും ലഭിക്കുമായിരുന്നു.


ഒറ്റ പാറയിൽ തീർത്ത തുരങ്കം

കട്ടപ്പന കുട്ടിക്കാനം സംസ്ഥാനപാതയിലെ കക്കാട്ടുകടയിൽ നിന്ന് മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ അഞ്ചുരുളിയിൽ എത്താം. ഇടുക്കി അണക്കെട്ടിന്റെ ആരംഭം ഇവിടെ നിന്നാണ്. ഇരട്ടയാറിലെ ഡൈവേർഷൻ ഡാമിൽ നിന്ന് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം ഒഴുക്കുന്ന ടണലാണ് പ്രധാന പ്രത്യേകത. 5.5 കിലോമീറ്റർ നീളവും 24 അടി വ്യാസവുമുള്ള ടണൽ ഇരട്ടയാർ മുതൽ അഞ്ചുരുളി വരെ ഒറ്റപാറയിലാണ് നിർമ്മിച്ചിരിക്കുന്നത്. രണ്ടിടങ്ങളിൽ നിന്ന് ഒരേ സമയം നിർമ്മാണം ആരംഭിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. ഉള്ളിൽ അരക്കിലോമീറ്ററോളം ദൂരത്തിൽ മാത്രമേ ആവശ്യമായ വെളിച്ചവും വായുവും ലഭ്യമാകൂ.