മൂന്നാർ: ജില്ലയിലെ ആദ്യ ടോൾ പ്ലാസയായ ദേവികുളത്ത് അടുത്തയാഴ്ച മുതൽ ടോൾ ഈടാക്കി തുടങ്ങും. ഇന്ന് മുതൽ പണം ഈടാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും മൊബൈൽ നെറ്റ്‌വർക്കടക്കം സജ്ജീകരിക്കാൻ വൈകിയതിനാൽ അടുത്തയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ ലാക്കാട് കുരിശടിക്ക് സമീപമാണ് ദേവികുളം ടോൾ പ്ലാസ. ആന്ധ്രയിൽ നിന്നുള്ള കമ്പനിയ്ക്കാണ് ടോൾ പിരിവിനുള്ള അനുമതി. ദേശീയപാതയിൽപ്പെട്ട മൂന്നാർ- ബോഡിമെട്ട് ഭാഗത്തെ 41.78 കിലോമീറ്ററാണ് 371.83 കോടി രൂപ ചെലവിട്ട് ആറ് മാസം മുമ്പ് പുതുക്കി പണിതത്. നിർമ്മാണം നേരത്തെ പൂർത്തിയായിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളും റോഡ് നിർമ്മാണത്തെ തുടർന്ന് ഭൂമിയും വീടും നഷ്ടപ്പെട്ട പ്രദേശവാസികളുടെ എതിർപ്പും കാരണം പ്രവർത്തനം ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ആറ് വരികളിലായി വാഹനങ്ങൾ കടന്നുപോകുന്ന ടോൾ പ്ലാസയിൽ ഏഴ് ടിക്കറ്റ് കൗണ്ടറുകളുണ്ടാകും. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹനങ്ങളുടെ ഉടമസ്ഥർക്ക് 340 രൂപയ്ക്ക് പ്രതിമാസ പാസെടുത്ത് ഇതുവരെ സഞ്ചരിക്കാൻ അനുമതിയുണ്ട്.


ടോൾ നിരക്കുകൾ
 കാർ, ജീപ്പ്, മറ്റ് ചെറുവാഹനങ്ങൾ: ഒരു വശത്തേക്ക്- 35 രൂപ, ഇരുവശങ്ങളിലേക്കും- 55 രൂപ, പ്രതിമാസം ഇരുവശങ്ങളിലേക്കും- 1225 രൂപ (50 യാത്രകൾക്ക്)

 മിനി ബസ്: ഒരു വർഷത്തേക്ക്- 60 രൂപ, ഇരുവശങ്ങളിലേക്കും- 90 രൂപ, പ്രതിമാസം- 1980 രൂപ
 ബസ്, ട്രക്ക്: ഒരു വശത്തേക്ക്- 125 രൂപ, ഇരുവശങ്ങളിലേക്കും- 185 രൂപ, പ്രതിമാസം- 4150 രൂപ
 ഭാരവാഹനങ്ങൾക്ക്: ഒരു വശത്തേക്ക്- 195 രൂപ,​ ഇരുവശങ്ങളിലേക്കും- 295 രൂപ,​ പ്രതിമാസം- 6505 രൂപ
 ഏഴിൽ കൂടുതൽ ആക്സിലുള്ള വാഹനങ്ങൾ: ഒരു വശത്തേക്ക്- 240 രൂപ,​ ഇരുവശങ്ങളിലേക്കും 355,​ പ്രതിമാസം- 7920 രൂപ

നിർമാണം ഉന്നത

നിലവാരത്തിൽ
2017 സെപ്തംബറിലാണ് മൂന്നാർ- ബോഡിമെട്ട് റോഡിന്റെ പണികൾ തുടങ്ങിയത്. 381.76 കോടി രൂപ ചെലവഴിച്ചാണ് 42 കിലോമീറ്റർ റോഡിന്റെ വീതി കൂട്ടൽ ഉൾപ്പെടെ പൂർത്തിയാക്കിയത്. നാല് മീറ്റർ മാത്രം വീതി ഉണ്ടായിരുന്ന റോഡ് 15 മീറ്റർ വീതിയിലാണ് പുനർനിർമ്മിച്ചത്. ജനുവരിയിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പാത നാടിന് സമർപ്പിച്ചു. ടോൾ നൽകേണ്ടിവരുമെങ്കിലും ഉന്നത നിലവാരത്തിലുള്ള പാത ഇന്ധന ലാഭം നൽകുന്നതിനാൽ യാത്രക്കാർക്ക് അധികചെലവ് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.