തൊടുപുഴ: സി.പി.എമ്മിന്റെ വരുതിയിൽ നിൽക്കാത്ത മത,​ സാമുദായിക നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. ജില്ലയിലെ സി.എച്ച്.ആർ ഉൾപ്പെടെയുള്ള ഭൂ പ്രശ്നങ്ങളിലും മുല്ലപ്പെരിയാർ വിഷയത്തിലും കർഷകദ്രോഹ നിലപാടുകളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കുന്നവരെ ആക്ഷേപിച്ച് പ്രതിഷേധങ്ങളെ ഇല്ലാതാക്കാമെന്ന് സി.പി.എം കരുതണ്ട. കുടിയേറ്റ കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാകാലത്തും സമര രംഗത്ത് ഇടുക്കി രൂപതയുണ്ടായിരുന്നു. മുല്ലപ്പെരിയാർ വിഷയത്തിലും ജില്ലയിലെ ഭൂ പ്രശ്നങ്ങളിലും ജില്ലയിൽ നിന്നുള്ള മന്ത്രിയടക്കമുള്ളവരുടെ നിലപാട് മാറ്റത്തിനെതിരെ പ്രതികരിക്കുന്ന വൈദികരെ അധിക്ഷേപിച്ച് വിമർശനങ്ങളെ ഇല്ലാതാക്കാനാണ് സി.പി.എം നോക്കുന്നത്. ഇത് അംഗീകരിക്കില്ല. വിമർശനത്തിന് അതീതമാണ് പിണറായി സർക്കാരെന്ന ധാരണ സി.പി.എമ്മിന് വേണ്ടെന്നും സി.പി. മാത്യു പറഞ്ഞു.