തൊടുപുഴ: റിപ്പബ്ലിക്ക് ദിന പരേഡിലേക്ക് കൊട്ടിക്കയറാൻ തയ്യാറെടുക്കുകയാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ ഒരു പറ്റം വിദ്യാർത്ഥിനികൾ. ഇവരുടെ മോഹം പൂവണിയുമ്പോൾ എൻ.സി.സി പരിശീലകനായ ക്യാപ്റ്റൻ പ്രജീഷ് സി മാത്യുവിന്റെഎട്ട്വർഷമായുള്ള സ്വപ്നം പൂവണിയുകയാണ്. പല കടമ്പകൾ മറികടന്ന് ഒരു കൂട്ടം വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ആഗ്രഹത്തിനൊത്ത് ഒരു കോളേജ് സഞ്ചരിച്ചപ്പോൾ നേടിയതോ മികച്ച നേട്ടം.സംസ്ഥാന തലത്തിൽ പോലും ആദ്യമായാണ് ഒരു കോളേജ്വ നിതാ ബാന്റ് സംഘം റിപ്പബ്ലിക്ക് ദിന പരേഡിലേക്ക് എത്തുന്നത്. ഡൽഹിയിലെ പരേഡിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ബാഗ്ലൂരിലും മൂന്നാറിലും നടക്കുന്ന പരിശീലന ഘട്ടം കൂടി പൂ‍‌‌ർത്തിയാക്കണം. ഡിസംബർ അവസാനത്തോടെ സംഘം ഡൽഹിയിലേക്ക് തിരിക്കും.

എട്ടു വ‌ർഷത്തെ കാത്തിരിപ്പ്

എട്ടു വർഷങ്ങൾക്ക് മുൻപ് 2016ൽ ക്യാപ്റ്റൻ പ്രജീഷ് സി. മാത്യുവിന്റെ നേതൃത്വത്തിൽ ബാൻഡ് ആരംഭിച്ചപ്പോൾ ആവശ്യമായ സംഗീത ഉപകരണങ്ങൾ പോലും അവർ പറയാനില്ലായിരുന്നു. കോളേജിലെ ഫിസിക്സ് ഡിപ്പാർമെന്റ് മുൻ മേധാവി പ്രൊഫ. റജീന ജോസഫാണ് അതിനുള്ള സഹായം ചെയ്തത്. അന്ന് ആൺകുട്ടികളും പെൺകുട്ടികളുമായ ടീമായിരുന്നു. അന്നും ഇവിടെ എത്താൻ പരിശ്രമിച്ചിരുന്നു. നിരാശയായിരുന്നു ഫലം. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകിയതാണ് വനിത ബാന്റ് രൂപീകരണത്തിനുള്ള ആദ്യപടി.

18 കേരള ബറ്റാലിയന് കീഴിലുള്ള നിർമ്മല കോളേജ്,​ എം.എ. കോളേജ്,​ സെന്റ് പീറ്റേഴ്സ് കോളേജ് എന്നീ സ്ഥാപനങ്ങളിലെ കേഡറ്റുകളെ കൂടി ഉൾപ്പെടുത്തി 45 അംഗ വനിത ബാന്റ് രൂപീകരിക്കുകയും ചെയ്തു. ജൂൺ മാസം വിദ്യ‌ാർത്ഥിനികളുടെ പത്ത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഡൽഹിയിലേക്ക് അയച്ചു കൊടുത്തു. ആഗസ്റ്റിൽ തിര‍ഞ്ഞെടുക്കപ്പെട്ടു എന്ന മറുപടിയും ലഭിച്ചതോടെ സ്വപ്ന നേട്ടത്തിലേക്ക് നടന്നടുക്കുന്നു.

28 ന്യൂമാൻ താരങ്ങൾ

രാധിക എം.ആ‌ർ നയിക്കുന്ന വനിത ബാന്റിലെ 28 ന്യൂമാൻ താരങ്ങളും പുലികളാണ്. അഭിരാമി പി.എസ്,​ അശ്വതി ശിവരാമൻ,​ നന്ദന മണികണ്ഠൻ,​ ആഷിത മുരുകൻ,​ അനശ്വര രവി,​ ശ്രീകുട്ടി സി.എം,​ ആഷ്ലി അലി,​ ബ്രിജിത് ടോമി,​ അൻജിത സന്തോഷ്,​ആഷ്ന നജീബ്,​ അമല അന്ന സജി,​ ശിവാനിക പി.എസ്,​ ഹെലന വി. അഹമ്മദ്,​ സുനീഷ സുനിൽ,​ നയന ബിജു,​ വിസ്മയ ശശി,​ ഫാത്തിമ മാഹിൻ,​കൃഷ്ണപ്രിയ ബിജു,​ കാ‌ർത്തിക ടി.ഡി,​ നിരജ്ഞന രാജൻ,​ അമലേന്തു ബി,​ നന്ദന രാജൻ,​ ഗോപിക ഉണ്ണി,​ ദേവിക സുരേഷ്,​ ദേവികൃഷ്ണ എസ്,​ ജോസ്മിൻ ജോഷി,​ ചേതന ശ്രീപാർവ്വതി എം.കെ എന്നിവരാണ് കുട്ടിത്താരങ്ങൾ.

'സ്വപ്നം നേട്ടമായിരുന്നു ഇത്. പെൺകുട്ടികൾക്ക് പരിമിതി സൃഷ്ടിക്കുമ്പോഴും അവർ നേടിയെടുത്തത് നിസ്സാരകാര്യമല്ല. ഏറെ അഭിമാനവും അതിലേറെ സന്തോഷവും തോന്നുന്നു'

(ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു,​ അസോസിയേറ്റ് എൻ.സി.സി ഓഫീസർ ന്യൂമാൻ കോളേജ് തൊടുപുഴ)​

പ്രതികൂല കാലാവസ്ഥയെ തരണം ചെയ്ത് മികച്ച രീതിയിൽ കുട്ടികൾക്ക് പങ്കെടുക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

(കേണൽ​ പ്രശാന്ത് നായർ,​ കമാൻഡിങ് ഓഫീസർ 18,​ കേരള ബറ്റാലിയൻ,​ എൻ.സി.സി)​

ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു സേനയുടെ ഭാഗമാകുക എന്നത്. എൻ.സി.സി അതിന്റെ ആദ്യപടിയാണ്. ഐ.പി.എസ് ആണ് ജീവിത ലക്ഷ്യം

(രാധിക എം.ആർ,​ ബാന്റ് സീനിയർ,​ മൂന്നാം വ‌ർഷ എക്ണോമിക്സ് ബിരുദ വിദ്യാർത്ഥിനി,​ ന്യൂമാൻ കോളേജ് തൊടുപുഴ )​