ഉടുമ്പന്നൂർ: വിദ്യാമൃതം 2024-25 എന്ന പേരിൽ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതികൾക്ക് ഉടുമ്പന്നൂർ പഞ്ചായത്തിൽ തുടക്കമായി. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പരിശീലനം നൽകുന്ന മികവ്, മനഃശാസ്ത്ര വിദ്യാഭ്യാസ പഠന സഹായ പദ്ധതി, എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് സൗജന്യ പരിശീലനം, പ്രവൃത്തിപരിചയ മേളകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വർക്ക് എക്സ്പീരിയൻസ് പരിശീലനം, യു.പി വിഭാഗം കുട്ടികൾക്കായി യോഗ- കായികക്ഷമത- നീന്തൽ പരിശീലനം, പൊതുവിദ്യാലയങ്ങളിൽ മാലിന്യ മുക്ത ക്യാമ്പസ്, ഹരിത വിദ്യാലയം പ്രവർത്തനങ്ങളുടെ ഭാഗമായി സോക്ക് പിറ്റ് നിർമ്മിച്ച് നൽകൽ, വിദ്യാലയങ്ങളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കൽ, ഗവ. എൽ.പി സ്കൂളുകൾക്ക് മെയിൻ്റനൻസും ഫർണ്ണിച്ചറുകളും എസ്.എസ്.കെയ്ക്ക് വിഹിതം നൽകൽ ഉൾപ്പെടെ 20.80 ലക്ഷം രൂപയുടെ പദ്ധതികളാണ് ഈ വർഷം നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം പാറേക്കവല സെൻ്റ് ജോസഫ്സ് എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിർവ്വഹിച്ചു. കിണറ്റിൽ വീണ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആദികേശവ് രഞ്ജിത്തിനെ അനുമോദിച്ചു. ആദികേശവിനുള്ള ഉപഹാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രൻ കൈമാറി. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സുലൈഷ സലിം അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ശ്രീമോൾ ഷിജു, ബിന്ദു രവീന്ദ്രൻ, ജിൻസി സാജൻ, കരിമണ്ണൂർ ബി.ആർ.സി ബി.പി.ഒ മനോജ് റ്റി.പി, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി.എം. സുബൈർ, സ്കൂൾ ഹെഡ്മാസ്റ്റർ ബിജു ഐസക് എന്നിവർ പ്രസംഗിച്ചു. പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ ജോർജ് കുട്ടി സെബാസ്റ്റ്യൻ സ്വാഗതവും പഞ്ചായത്ത് ഹെഡ് ക്ലർക് ഇ.പി. അനൂപ് നന്ദിയും പറഞ്ഞു.