ഇടുക്കി: ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് കാർഷിക കടാശ്വാസ കമ്മിഷൻ പാസാക്കിയ ഉത്തരവ് ബാങ്കിന് ലഭിച്ചില്ലെന്ന പേരിൽ ഉടമയ്ക്ക് തിരികെ നൽകാതിരുന്ന പ്രമാണം മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിലൂടെ തിരികെ കിട്ടി. മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പാറത്തോട് സർവീസ് സഹകരണ ബാങ്കിന് നൽകിയ നിർദ്ദേശത്തെ തുടർന്നാണ് പാറത്തോട് സ്വദേശിനിക്ക് പ്രമാണം തിരികെ നൽകിയത്. 2016ൽ 100,000 രൂപയും 2017 ൽ 3,50,000 രൂപയുമായിരുന്നു ഇവർ വായ്പയെടുത്തത്. 2022 സെപ്തംബർ 15ന് കാർഷിക കടാശ്വാസ കമ്മിഷൻ ഹിയറിംഗ് നടത്തുകയും 6,00,000 രൂപ വിഹിതമായി അടയ്ക്കുകയും ചെയ്തു. വായ്പ കുടിശ്ശിക തിരിച്ചടച്ചെങ്കിലും കമ്മിഷന്റെ ഉത്തരവ് ലഭിക്കാത്തതിനാൽ ഈടായി നൽകിയ പ്രമാണം തിരികെ നൽകിയില്ല. മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശം കടാശ്വാസ കമ്മിഷനെ അറിയിക്കുകയും തുടർന്ന് ഉത്തരവ് ബാങ്കിന് നൽകുകയും ചെയ്തതോടെയാണ് പ്രമാണം തിരികെ ലഭിച്ചത്.