വെള്ളത്തൂവൽ: വെള്ളത്തൂവൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് നിർദ്ധനർക്കും കിടപ്പു രോഗികൾക്കുമായി തുണ- 2024 പ്രതിമാസ പെൻഷൻ പദ്ധതിക്ക് തുടക്കമായി. വെള്ളത്തൂവലിലും സ്‌കൂളിന്റെ പരിസരപ്രദേശങ്ങളിലുമുള്ള 60 വയസ് കഴിഞ്ഞവർക്കാണ് പെൻഷൻ നൽകുന്നത്. എൻ.എസ്.എസ് വോളണ്ടിയേഴ്സും
അദ്ധ്യാപകരും അഭ്യൂദയകാംക്ഷികളും ചേർന്ന് സമാഹരിക്കുന്ന തുകകളാണ് പെൻഷൻ വിതരണത്തിനായി ഉപയോഗിക്കുന്നത്. വെള്ളത്തൂവൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന എൻ.എസ്.എസ് പ്രോഗ്രാമിൽ അടിമാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
ബിന്ദു രാജേഷ് പെൻഷൻ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബി. ജോൺസൺ, പഞ്ചായത്ത് മെമ്പർ എസ്. അഖിൽ, സിൻസൺ എം.എ, എസ്. ലിന, ജോസുകുട്ടി ബിജു, വി.ആർ. അനുരാജ് എന്നിവർ പങ്കെടുത്തു.