uthghadanam
ഇടുക്കി നാരകക്കാനം ഗവ. മാതൃക ഹോമിയോ ഡിസ്‌പെൻസറി എൻ.എ.ബി.എച്ച് അസെസ്സ്‌മെന്റ് ചടങ്ങ് ഉദ്ഘാടനം മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി നിർവഹിക്കുന്നു

ഇടുക്കി: സംസ്ഥാനത്തെ ഹോമിയോ ആയുർവേദ ഡിസ്‌പെൻസറികളും ആശുപത്രികളും എൻ. എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ഇടുക്കി നാരകക്കാനം ഗവ. മാതൃക ഹോമിയോ ഡിസ്‌പെൻസറിയിൽ അസസ്‌മെന്റ് പൂർത്തിയായി. എൻ.എ.ബി.എച്ച് അസസ്സർ ഡോ. പ്രിയദേവിന്റെ നേതൃത്വത്തിലുള്ള ക്വാളിറ്റി ടീം അംഗങ്ങൾ ഡിസ്‌പെൻസറി സന്ദർശിക്കുകയും സ്ഥാപനത്തിന്റെ പ്രവർത്തനനിലവാരം വിലയിരുത്തുകയും ചെയ്തു. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി ഉദ്ഘാടനം നിർവഹിച്ചു. ഡിസ്‌പെൻസറിയുടെ നേട്ടങ്ങളെയും സേവനങ്ങളെയും കുറിച്ച് മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ഹുസ്ന വിശദീകരിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനുമോൾ, പഞ്ചായത്ത് വാർഡ് മെമ്പർമാരായ ബിൻസി റോബി, സെബിൻ വർക്കി, നാഷണൽ ആയുഷ് മിഷൻ ഇടുക്കി ഫെസിലിറ്റേറ്റർ ഡോ. രഹന സിദ്ധാർഥൻ, ഡിസ്ട്രിക്ട് നോഡൽ ഓഫീസർ (ഹോമിയോ) ഡോ. ഭരത് പ്രവീൺ, ഡിസ്ട്രിക്ട് കോർഡിനേറ്റർ (ഹോമിയോ) ഡോ. വർഗീസ് ടി. ഐസക് എന്നിവർ പങ്കെടുത്തു.