ഇടുക്കി: ശബരിമല മകരവിളക്ക് മഹോത്സവ ക്രമീകരണങ്ങൾ കാര്യക്ഷമമാക്കാൻ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. തീർത്ഥാടന കാലത്തേക്ക് നോഡൽ ഓഫീസർ, ഡ്യൂട്ടി മജിസ്ട്രേറ്റ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവരെ നിയമിക്കും. തീർത്ഥാടനപാതയിൽ സുരക്ഷയ്ക്കാവശ്യമായ പൊലീസിനെ വിന്യസിക്കും. മകരവിളക്ക് ദിവസം കെ.എസ്.ആർ.ടി.സി ബസുകൾ, കുമളി- കോഴിക്കാനം റൂട്ടിൽ സർവ്വീസ് നടത്തുന്നതിനും കെ.എസ്.ആർ.ടി.സി ബസുകൾക്ക് കോഴിക്കാനത്ത് പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. തീർത്ഥാടനപാതകളുടെ അറ്റകുറ്റപ്പണികൾ തീർത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. കുമളി ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി നിയന്ത്രണം ഏർപ്പെടുത്തും. തമിഴ്നാട്ടിൽ നിന്ന് വാഹനങ്ങൾ വരുന്നത് കമ്പംമെട്ട് വഴിയും തിരിച്ചുപോകുന്നത് കുമളി വഴിയുമാക്കാൻ തേനി ജില്ലാ കളക്ടറുമായി യോജിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. അസി. ഫുഡ് സേഫ്റ്റി കമ്മിഷണറുടെ നേതൃത്വത്തിൽ ഭക്ഷ്യ സാധനങ്ങളുടെ അളവു തൂക്കം, ഗുണനിലവാരം, വിലനിയന്ത്രണം എന്നിവ പരിശോധിക്കുന്നതിന് പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. വനം- വന്യ ജീവി വകുപ്പ് തീർത്ഥാടകർക്ക് വിവിധ ഭാഷയിലുള്ള അറിയിപ്പ്/ സൂചന/ദിശാ ബോർഡുകൾ തീർത്ഥാടകരുടെ സൗകര്യാർത്ഥം കാനന പാതയിൽ ക്രമീകരിക്കും. ബി.എസ്.എൻ.എൽ മൊബൈൽ ടവറുകൾ, സുസജ്ജമായ ഇൻഫർമേഷൻ ഹെൽപ് ഡെസ്ക്കുകൾ, വയർലെസ് തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തും. ജില്ലാ തലത്തിൽ പൊലീസ്, എക്സൈസ്, ജില്ലാ സപ്ലൈ ഓഫീസ്, ഫുഡ് സേഫ്റ്റി, മോട്ടോർ വാഹനം, റവന്യൂ, പഞ്ചായത്ത്, ആരോഗ്യം എന്നീ വകുപ്പുകളെ ഉൾപ്പെടുത്തി സ്ക്വാഡുകൾ രൂപീകരിക്കും. തീർത്ഥാടകർ കടന്നുപോകുന്ന പ്രദേശങ്ങളിൽ താത്കാലിക കൺട്രോൾ റൂമുകൾ, പുല്ലുമേട്, ഉപ്പുപാറ, സത്രം, പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ പ്രദേശങ്ങളിൽ ബാരിക്കേഡ് നിർമ്മാണം,​ശുചിത്വ മിഷനുമായി ചേർന്ന് പ്ലാസ്റ്റിക്,​ മാലിന്യം നിർമാർജ്ജനം എന്നിവ നടപ്പാക്കും. പഞ്ചായത്തുകൾ മുഖേന തീർത്ഥാടകർക്ക് താത്കാലിക വിശ്രമകേന്ദ്രങ്ങൾ, പൊതു ശുചിമുറി സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തും. മകരജ്യോതി ദർശനവുമായി ബന്ധപ്പെട്ട് പുല്ലുമേട്, ഉപ്പുപാറ, സത്രം, പരുന്തും പാറ, പാഞ്ചാലിമേട് എന്നീ സ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മെഡിക്കൽ ടീം, അലോപ്പതി, ആയുർവേദം, ഹോമിയോ എന്നീ വകുപ്പുകളുടെ മെഡിക്കൽ ക്യാമ്പുകൾ സജീവമാക്കും. ആവശ്യമെങ്കിൽ തിരക്ക് നിയന്ത്രിക്കാൻ എൻ.ഡി.ആർ.എഫിൻ്റെ സേവനം തേടും. കാനന പാതയിൽ ആർ.ആർ.ടി, എലിഫൻറ് സ്ക്വാഡ് എന്നിവയുടെ സേവനം ഉറപ്പുവരുത്തും. വാഴൂർ സോമൻ എം.എൽ.എ , ജില്ലാകളക്ടർ വി വിഘ്നേശ്വരി, സബ് കളക്ടർ അനൂപ് ഗാർഗ്, എ.ഡി.എം ഷൈജു പി ജേക്കബ് എന്നിവർ പങ്കെടുത്തു.