തൊടുപുഴ: പുതുക്കുളം നാഗരാജസ്വാമിക്ഷേത്രത്തിലെ ഈ വർഷത്തെ ആയില്യം, മകം ഉത്സവത്തിൽ പങ്കെടുക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനെത്തിയത്. ഇന്നലെ ക്ഷേത്രത്തിൽ ഗണപതിഹോമം, മലർ നിവേദ്യം, ഉഷഃപൂജ, നൂറും പാലും നിവേദ്യം, പാൽപ്പായസ ഹോമം, അഷ്ടനാഗപൂജ, തളിച്ചുകൊട, ഉച്ചപൂജ, അന്നദാനം, വൈകിട്ട് തെക്കേക്കാവിൽ എഴുന്നള്ളത്ത്, തെക്കേക്കാവിൽ വിശേഷാൽ പൂജകൾക്ക് ശേഷം തിരിച്ചെഴുന്നള്ളത്ത്, ദീപാരാധന, കള മെഴുത്തും പാട്ടും സർപ്പബലി എന്നീ ചടങ്ങുകൾ നടന്നു. ചടങ്ങിനെത്തിയ മുഴുവൻ ഭക്തർക്കും അന്നദാനമുൾപ്പടെയുള്ള വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരുന്നത്. ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ക്ഷേത്രത്തിൽ രാവിലെ 6.30ന് നൂറും പാലും, 9.30ന് മകം ഇടി, 11 ന് ഉച്ചപ്പൂജ, അന്നദാനം, വൈകിട്ട് അഞ്ചിന് നടതുറപ്പ്, 6.30ന് വിശേഷാൽ ദീപാരാധന എന്നിവ നടക്കും.