പീരുമേട്: ഏലപ്പാറ- കോഴിക്കാനം റോഡിൽ റോഡിന് ഇരുവശവും സ്വകാര്യ വാഹനങ്ങൾ റോഡ് കൈയടക്കി പാർക്ക് ചെയ്യുന്നത് അപകട ഭീഷണി സൃഷ്ടിക്കുന്നു. ഇന്നലെ ഇതുവഴി വന്ന ബൈക്ക് യാത്രികൻ ബസിന് സൈഡ് കൊടുക്കുന്നതിനിടയിൽ അപകടമുണ്ടായി പരിക്കേറ്റു. റോഡിന്റെ ഇരുവശത്തെയും വാഹന പാർക്കിംഗാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നു. ഏലപ്പാറ സെൻട്രൽ ജംഗ്ഷനിൽ നിന്ന് കോഴിക്കാനത്തേക്ക് കയറുന്ന 100 മീറ്ററോളം ഭാഗത്ത് ഇരുവശവും സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ പാർക്ക് ചെയ്തിരിക്കുകയാണ്. റോഡിന്റെ വളവു ഭാഗത്താണ് കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതോടെ ഇതുവഴി കടന്നുപോകുന്ന ബസ്സുകൾ ഉൾപ്പടെ വലിയ പ്രതിസന്ധിയാണ് വാഹനപാർക്കിംഗ് കാരണം ഉണ്ടാക്കുന്നത്. ഇന്നലെ ഇതുവഴി കടന്നുവന്ന ബസും ബൈക്കും തമ്മിൽ തട്ടി ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു. റോഡിന് ഇരുവശവും വാഹനങ്ങൾ കിടന്നതു മൂലമാണ് വാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടാൻ കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്. വളരെ വീതി കുറഞ്ഞ റോഡാണ് ഇത്. ഏലപ്പാറയിൽ നിന്ന് കോഴിക്കാനത്തേക്കും ഹെലിബറിയിലേക്കും ശാന്തി പാലത്തേക്കുമുൾപ്പടെ വാഹനങ്ങൾ പോകുന്നതാണ്. ഇതിനാൽ വലിയ തിരക്കാണ് എപ്പോഴും ഈ റോഡിൽ. റോഡിന്റെ ഈ ഭാഗത്തെ വാഹനപാർക്കിംഗിന് എതിരെ നാളുകളായി പ്രദേശവാസികൾ ഉൾപ്പെടെ പരാതിപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം നാട്ടുകാർക്കുണ്ട്.