തൊടുപുഴ: പഞ്ചായത്തുകളിലെ വിനോദ സഞ്ചാര വികസനം ലക്ഷ്യമിട്ട് സർക്കാർ സഹായത്തോടെ നടപ്പാക്കുന്ന ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതി പാളി. ജില്ലയിൽ നിന്ന് എട്ടു പഞ്ചായത്തുകൾ നിർദേശം സമർപ്പിച്ചെങ്കിലും ഇതിൽ ഒരു പഞ്ചായത്ത് പോലും പദ്ധതി വിഹിതം ചെലവഴിച്ചതായി ജില്ലാ ടൂറിസം ഡപ്യുട്ടി ഡയറക്ടർ ഓഫീസിന് രേഖകൾ കൈമാറിയില്ല. ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ ലഭിക്കാത്തതിനാൽ സർക്കാരിൽ നിന്ന് ഫണ്ട് അനുവദിക്കാനും കഴിയാത്ത സാഹചര്യമാണ്. ഫലത്തിൽ ടൂറിസം വകുപ്പ് ഏറെ പ്രതീക്ഷയോടെ നടപ്പാക്കാനുദ്ദേശിച്ച പദ്ധതി ജില്ലയിൽ ഒട്ടുമിക്ക പഞ്ചായത്തുകളിലും നടപ്പാകില്ലെന്നുറപ്പായി. പദ്ധതി സമർപ്പിക്കാനുള്ള സമയ പരിധിയ്ക്കുള്ളിൽ ജില്ലയിൽ നിന്ന് എട്ടു പഞ്ചായത്തുകളാണ് ഇതിനായുള്ള രൂപരേഖ ടൂറിസം വകുപ്പിന് സമർപ്പിച്ചത്. കുമളി പഞ്ചായത്ത് തേക്കടി പാർക്ക്, ഒട്ടകത്തലമേട് ടൂറിസം, നെടുങ്കണ്ടം പപ്പിനിമെട്ട് സഹ്യദർശൻ പാർക്ക്, മാങ്കുളം പാമ്പുങ്കയം നക്ഷത്രക്കുത്ത് വെള്ളച്ചാട്ടം, കാന്തല്ലൂർ ഇരച്ചിൽപ്പാറ കൈയ്യാരം വെള്ളച്ചാട്ടം, രാജാക്കാട് കനകക്കുന്ന് വ്യൂ പോയിന്റ്, വെള്ളത്തൂവൽ ചുനയംമാക്കൽ വെള്ളച്ചാട്ടം, പെരുവന്താനം ഏകയം വെള്ളച്ചാട്ടം എന്നിവയാണ് വിവിധ പഞ്ചായത്തുകൾ സമർപ്പിച്ചിരിക്കുന്ന പദ്ധതികൾ. ഇതിൽ വെള്ളത്തൂവൽ പഞ്ചായത്ത് മാത്രമാണ് ഫണ്ട് വകയിരുത്തി നിർമാണം ആരംഭിച്ചത്. വെള്ളച്ചാട്ടത്തിലേക്കുള്ള നടപ്പാത നിർമാണത്തിനാണ് ഇവിടെ തുടക്കം കുറിച്ചത്. എന്നാൽ ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ ഇവരും സമർപ്പിച്ചിട്ടില്ല.
മറ്റു പഞ്ചായത്തുകളാകട്ടെ പ്രപ്പോസൽ സമർപ്പിച്ചതല്ലാതെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും ആരംഭിക്കാതെ പദ്ധതിയോട് തുടക്കത്തിലെ മുഖം തിരിച്ചു.
ജില്ലയിൽ പല പഞ്ചായത്തുകളിലും അറിയപ്പെടാതെ കിടക്കുന്ന ടൂറിസം മേഖലകളുണ്ട്. ഇത്തരത്തിൽ പല വിനോദ സഞ്ചാര കേന്ദ്രങ്ങളെ സംബന്ധിച്ചും സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയും മറ്റും അറിഞ്ഞ് ഒട്ടേറെ പേർ ഇത്തരം സ്ഥലങ്ങൾ തേടിയെത്താറുണ്ട്. ഇത്തരം പ്രകൃതിമനോഹരമായ മേഖലകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പഞ്ചായത്തിന് വരുമാനം കണ്ടെത്താൻ പദ്ധതി സഹായകരമാകുമായിരുന്നു. പദ്ധതി നടത്തിപ്പിൽ നിന്നുള്ള വരുമാനം പൂർണമായും അതത് പഞ്ചായത്തുകൾക്ക് ലഭിക്കും. ചെറുകിട സംരഭങ്ങളും മറ്റും നടത്തുന്നതു വഴി പ്രദേശവാസികൾക്കും സാമ്പത്തിക നേട്ടമുണ്ടാക്കാൻ കഴിയും. റോഡുകളുടെയും മറ്റും ശോച്യാവസ്ഥയാണ് ഇത്തരം കേന്ദ്രങ്ങളുടെ വികസനത്തിനു പ്രതിസന്ധി സൃഷ്ടിക്കുന്നത്. എന്നാൽ പദ്ധതി നടപ്പാകുന്നതോടെ പ്രാദേശിക റോഡു വികസനം ഉൾപ്പെടെ ഈ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാനാവും. ടൂറിസം വകുപ്പ് നൽകുന്ന വിഹിതം ഉപയോഗിച്ച് മികച്ച രീതിയിൽ പദ്ധതി നടപ്പാക്കാമെന്നിരിക്കെയാണ് കൂടുതൽ തദ്ദേശ സ്ഥാപനങ്ങളും ഇതിനോട് മുഖം തിരിച്ചത്.
പദ്ധതി ഇങ്ങനെ
മുൻനിര വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒഴിവാക്കി ടൂറിസം ഭൂപടത്തിൽ കാര്യമായി അറിയപ്പെടാത്തതും എന്നാൽ ദൃശ്യമനോഹാരിത സമ്മാനിക്കുന്നതുമായ പല പ്രാദേശിക ടൂറിസം മേഖലകളും സഞ്ചാരികൾക്ക് മുന്നിലെത്തിക്കുന്നതിനു പുറമെ അതത് പ്രദേശങ്ങളുടെ വികസനത്തിനും വഴി തെളിക്കുന്ന പദ്ധതിയ്ക്കാണ് ടൂറിസം വകുപ്പ് രൂപം നൽകിയത്. പദ്ധതിയ്ക്കായി നൂറു കോടിയാണ് കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയത്. അതത് പഞ്ചായത്തുകൾ ടൂറിസം സാദ്ധ്യതയുള്ള മേഖലകൾക്കായി വിശദമായ പദ്ധതി തയ്യാറാക്കി ടൂറിസം വകുപ്പിന് സമർപ്പിക്കണം. പദ്ധതിയ്ക്കായി വരുന്ന ആകെ തുകയുടെ 60 ശതമാനമോ അല്ലെങ്കിൽ 50 ലക്ഷം രൂപയോ സർക്കാർ വിഹിതമായി ലഭിക്കും. ബാക്കി തുക പഞ്ചായത്തുകളുടെ തനതു ഫണ്ടിൽ നിന്നും വിനിയോഗിക്കണം. എം.എൽ.എ ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചും പദ്ധതി നടപ്പാക്കാം.