കുമളി: 45 വർഷമായി വനംവന്യജീവി വകുപ്പിന്റേയും ബഹുജനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ തേക്കടിയിൽ നടന്നുവരുന്ന വനം- വന്യജീവി വാരാഘോഷം ഈ വർഷവും വിപുലമായ പരിപാടികളോടുകൂടി ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ നടക്കും. രണ്ടിന് രാവിലെ 11ന് മന്ത്രി എ.കെ. ശശീന്ദ്രൻ സംസ്ഥാനതല ഉദ്ഘാടനം കുമളി ഹോളിഡേ ഹോമിൽ നിർവ്വഹിക്കും. വന്യജീവി വാരാഘോഷത്തിന്റെ സംഘാടകസമിതി ഓഫീസ് തേക്കടി വനശ്രീ ഓഡിറ്റോറിയത്തിൽ പ്രവർത്തനം ആരംഭിച്ചു. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പെരിയാർ ടൈഗർ റിസർവ്വ് ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. പാട്ടീൽ സുയോഗ് സുഭാഷ് റാവു ഉദ്ഘാടനം നിർവ്വഹിച്ചു. സംഘാടക സമിതി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് കുമളി ബസ് സ്റ്റാൻഡിൽ നിന്ന് വനശ്രീ ഓഡിറ്റോറിയത്തിലേയ്ക്ക് വിളംബരറാലിയും നടത്തി.