
തൊടുപുഴ:പുതുക്കുളം നാഗരാജസ്വാമിക്ഷേത്രത്തിലെ ആയില്യം, മകം ഉത്സവം സമാപിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയുമായി വിപുലമായ ചടങ്ങുകളോടെയായിരുന്നു ആഘോഷങ്ങൾ നടന്നത്. ശനിയാഴ്ച ഗണപതിഹോമം, മലർ നിവേദ്യം, ഉഷഃപൂജ, നൂറും പാലും നിവേദ്യം, പാൽപ്പായസഹോമം, അഷ്ടനാഗപൂജ, തളിച്ചുകൊട, ഉച്ചപൂജ, അന്നദാനം, വൈകിട്ട് വാദ്യമേളങ്ങളുടെയും പൂത്താലങ്ങളുടെയും അകമ്പടിയോടെ തെക്കേക്കാവിലേക്ക് എഴുന്നള്ളത്ത്, അവിടുത്തെ വിശേഷാൽ പൂജകൾക്ക് ശേഷം തിരിച്ചെഴുന്നള്ളത്ത്,ദീപാരാധന, കളമെഴുത്തും പാട്ടും, സർപ്പബലിയും നടന്നു. ഇന്നലെ ക്ഷേത്രത്തിൽ നൂറും പാലും, വിശേഷ ചടങ്ങായ മകം ഇടി, ഉച്ചപ്പൂജ, അന്നദാനം, വിശേഷാൽ ദീപാരാധന എന്നിവയും നടന്നു. ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനെത്തിയത്. എത്തിച്ചേർന്ന ഭക്തർക്ക് പ്രഭാത ഭക്ഷണവും, അന്നദാനവും ഉൾപ്പടെ വിപുലമായ സൗകര്യങ്ങളും ക്ഷേത്രം ഭാരവാഹികൾ ഒരുക്കിയിരുന്നു.