
കട്ടപ്പന : വണ്ടൻമേട് പഞ്ചായത്തിലെ പ്രദേശങ്ങളെ പരിസ്ഥിതി ദുർബല മേഖലയുടെ പട്ടികയിൽ ഉൾപ്പെടുത്തിയ നടപടിക്കെതിരെ പുറ്റടിയിൽ ജനകീയ മാർച്ച് നടന്നു. വണ്ടൻമേട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
പഞ്ചായത്ത് പരിധിയിലെ എല്ലാ സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നതിനാൽ ഇഎസ്‌ഐ പരിധിയിൽ ഉൾപ്പെട്ട സ്ഥലങ്ങളുടെ പഴയ പട്ടികയിൽ നിന്ന് വണ്ടൻമേടിനെ ഒഴിവാക്കിയിരുന്നു. എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം വീണ്ടും വണ്ടൻമേട് പഞ്ചായത്ത് പരിധിയിലെ സ്ഥലങ്ങളെ ഇഎസ്‌ഐ പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് പ്രതിഷേധത്തിന് കളമൊരുങ്ങിയത്. വില്ലേജ് ഓഫീസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗണിൽ എത്തി സമാപിച്ചു.തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എം സി രാജു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരി യോഗം ഉദ്ഘാടനം ചെയ്തു.കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ മുഖ്യപ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് അംഗം ജി പി രാജൻ വിവിധ സംഘടന ഭാരവാഹികളായ കെ കുമാർ, സാബു സ്‌കറിയ, ഷാജിമോൻ കെ ബി, ടോണി ജെയിംസ്, ജോബൻ പാനോസ്, അബ്ദുൾ റസാഖ്, ബിജു ആക്കാട്ടുമുണ്ട, സാജു അലക്സ് തുടങ്ങിയവർ സംസാരിച്ചു.