
വണ്ണപ്പുറം: പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ആക്രമിച്ച കേസിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി രഞ്ജിത്ത് കണിച്ചാട്ടിനെ കാളിയാർ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചായത്തിലെ പദ്ധതികളിൽ വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള മാർക്ക് ഇടുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനിടെ സി.പി.എം. കാളിയാർ ബ്രാഞ്ച് സെക്രട്ടറിയായ രഞ്ജിത്ത് ഇരുവരേയും മർദിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. വനിതയെ മർദിച്ചതിനും പട്ടികജാതി വിഭാഗക്കാരനായ പ്രസിഡന്റിനെ കൈയേറ്റം ചെയ്തതിനും രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. വ്യാഴാഴ്ച രാവിലെ 11.30ന് വണ്ണപ്പുറം പഞ്ചായത്ത് ഓഫീസിലാണ് സംഭവം. രാവിലെ 10 മുതൽ നടന്ന വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള മാർക്കിടീൽ നടക്കുന്നതിനിടെ കമ്മിറ്റിയിൽ അംഗമല്ലാത്തവർ ഇതിൽ പങ്കെടുക്കുന്നുവെന്ന് രഞ്ജിത്ത് ആരോപണം ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തുടർന്ന് ഇരു വിഭാഗവും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഓഫീസിലെ അതിക്രമത്തിന് ശേഷം സ്ഥലത്ത് നിന്നും രക്ഷപെട്ട രഞ്ജിത്തിനായി അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ കാളിയാറിൽ നിന്നുമാണ് രഞ്ജിത്തിനെ പിടികൂടിയത്. സി.ഐ എച്ച്. എൽ.ഹണി എസ്ഐമാരായ സാബു കെ പീറ്റർ, സജി പി ജോൺ എന്നിവർ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.വൈദ്യപരിശോധനക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി.