കട്ടപ്പന : വനവും മരവും എല്ലാം മറന്ന് നാട് കോൺക്രീറ്റ് ഭിത്തികളുടെ ഉറപ്പിലേക്ക് വഴിമാറി.കാടും കാവും എല്ലാം നഗര പശ്ചാത്തലങ്ങളിലേക്ക് മുഖം മിനുക്കി . ഇതോടെ സുരക്ഷിതമായി കൂടുകൂട്ടാൻ പുതിയ ഇടങ്ങൾ തിരയുകയാണ് പക്ഷി ലോകം.
അത്തരമൊരു കൗതുക കാഴ്ചയാണെങ്കിലും ഇരട്ടയാർ ചേലക്കകവലയിലെ സിബി യും തന്റെ കടയിലേക്ക് എത്തിയ അതിഥിയുടെയും ചങ്ങാത്തം നാട്ടിൽ ചർച്ചയാവുകയാണ്.
ടണൽ സൈറ്റിലെ പലചരക്ക് കടയാണ് സിബി സ്റ്റോഴ്സ്. നന്നേ തിരക്കുള്ള കടയിൽ അപ്രതീക്ഷിതമായി ഒരു അതിഥി വിരുന്നെത്തിയിരുന്നു.ഈ അതിഥിയെ ആരും തന്നെ ശ്രദ്ധിച്ചിരുന്നില്ല . കുറച്ചുദിവസം കഴിഞ്ഞപ്പോൾ കടയിലെ സി.സി.ടി.വി ക്യാമറയുടെ കേബിളിൽ കുറച്ച് കരികില കൂടുന്നതായി കണ്ടു. മാറാല പിടിക്കുന്നത് എന്ന് കരുതി കടയുടമ സിബി രണ്ടുതവണ അവ തട്ടിക്കളഞ്ഞു. വീണ്ടും അതേ തരത്തിൽ കരികിലകൾ കൂടുന്നത് കണ്ടതോടെ നിരീക്ഷണം ആരംഭിച്ചു. പിന്നീടാണ് ഒരു അതിഥി ഇവിടെ കയ്യേറ്റ ഭാവത്തോടെ കൂടുകൂട്ടുന്നതായി കണ്ടത്. വളരെ വേഗത്തിൽ പറക്കുന്ന ഒരു കുഞ്ഞൻ കിളിയാണ് ഈ വിദ്യയുടെ പിറകിലെന്ന് മനസ്സിലായി. തുടർന്ന് കുഞ്ഞൻ കിളി എന്താണ് ചെയ്യുന്നതെന്ന ആകാംക്ഷയിലായി സിബിയും കുടുംബവും. ഒരു മാസം നീണ്ട പ്രയത്നത്തിനൊടുവിൽ അങ്ങനെ ഒരു ആ കുഞ്ഞൻ കിളി അവിടെ ഒരു കൂടുകെട്ടി. ഇപ്പോൾ സിബിക്ക് കൂട്ടായി കൂടുകൂട്ടി കടയ്ക്കുള്ളിൽ കഴിയുകയാണ് ഇ തേൻ കുരുവി.
ഒരുപക്ഷേ പുറത്തെ കഠിന ചൂടും, മറ്റ് ജീവികളുടെ ശല്യവും കൊണ്ടാവാം ഈ തേൻ കുരുവി സുരക്ഷിതമായ ഒരിടം കണ്ടെത്തിയത്. ഇപ്പോൾ സിബി സെബാസ്റ്റ്യന്റെ കടയ്ക്കുള്ളിൽ കുരുവി സുരക്ഷിതനാണ്. രാത്രിയും പകലും കിളി പുറത്തേക്ക് പറന്നു പോകുകയും യഥേഷ്ടം തിരികെ കയറുകയും ചെയ്യും. മറ്റുള്ളവരിൽ നിന്ന് യാതൊരു ശല്യവും കുരുവിക്ക് ഉണ്ടാകാതിരിക്കാനും സിബി പ്രത്യേകം ശ്രദ്ധിക്കുന്നു.
അങ്ങനെയിരിക്കുമ്പോൾ കുരുവി കൂട്ടിനുള്ളിൽ ഒരു മുട്ടയും ഇട്ടു. ഇതോടെ ഇരട്ടി സന്തോഷവും ആകാംക്ഷയുമാണ് സിബിക്കും കുടുംബത്തിനും ഒപ്പം നാട്ടുകാർക്കും ഉള്ളത് .ഇരട്ടയാറ്റിലെ ഈ കൗതുക കാഴ്ച ഏറെ ഹൃദ്യമായ അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. മുട്ട വിരിയുന്നതോടെ പുതിയ ആകാശവും പുതിയ ലോകവും ലക്ഷ്യമാക്കി ഈ കുരുവിയും കുഞ്ഞും പറന്നകലും,അതുവരെ സിബിയുടെ കടക്കുള്ളിൽ തേൻ കുരുവിക്കും മുട്ടവിരിയാൻ പോകുന്ന കുഞ്ഞിനും സുരക്ഷിതത്തോടെ കഴിയാം......