ഇടുക്കി: സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഇന്ന് നടക്കും. ജില്ലയിൽ അഞ്ച് സ്ഥലങ്ങളിലാണ് സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്. ദുരന്ത നിവാരണ അതോറിട്ടിയുടെ കീഴിൽ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി കേരളത്തിലാകെ സ്ഥാപിച്ചിട്ടുള്ള 91 സൈറണുകളുടെ പ്രവർത്തന പരീക്ഷണമാണ് നടക്കുന്നതെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു. മനക്കുടി കമ്മ്യൂണിറ്റി സ്റ്റഡി സെന്റർ, , മന്നാംകണ്ടം ഗവ. ഹൈസ്‌കൂൾ, തൊടുപുഴ ഡോ. എ.പി.ജെ അബ്ദുൾ കലാം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, മൂന്നാർ കോളേജ് ഓഫ് എൻജിനിയറിംഗ്, മാമലക്കണ്ടം ഗവ ഹൈസ്‌കൂൾ എന്നിവിടങ്ങളിലാണ് ജില്ലയിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്നത്.

കവചം

പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി സൈറണുകൾ സ്ഥാപിച്ചത്. ഇതിന് പുറമെ ഫ്ളാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈൽ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലുമൊക്കെ സൈറണുകൾ സ്ഥാപിച്ചു. സംസ്ഥാന കൺട്രോൾ റൂമുകൾക്ക് പുറമേ പ്രാദേശിക ഭരണകൂടങ്ങൾക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകൾ നൽകാൻ കഴിയും. സംസ്ഥാനത്ത് മൊബൈൽ ടവറുകളിലടക്കം 126 സ്ഥലങ്ങളിലാണ് സൈറണുകൾ സ്ഥാപിക്കുന്നത്. സൈറണിന് പുറമേ ഫ്ളാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ചുഴലിക്കാറ്റ് ഭീഷണി ലഘൂകരണ പദ്ധതി പ്രകാരം (എൻ.സി.ആർ.എം.പി) 'കവചം' എന്ന പേരിലാണ് സമഗ്ര മുന്നറിയിപ്പ് സംവിധാനം.