പീരുമേട്: ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായിയുള്ള അവലോകന യോഗം പീരുമേട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഡിറ്റോറിയത്തിൽചേർന്നു. വാഴൂർ സോമൻ എം.എൽ എ അദ്ധ്യക്ഷത വഹിച്ചു.പൊലീസ്, വനം, തദ്ദേശസ്വയംഭരണം. പൊതുമരാമത്ത്, ആരോഗ്യം, കെ.എസ്. ഇബി, വാട്ടർ അതോറിറ്റി, ജില്ലാ ശുചിത്വമിഷൻ ഉൾപ്പെടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ജില്ലയിലെ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലാണ് ശബരിമല മകരവിളക്ക് മഹോത്സവത്തിനോട് അനുബന്ധിച്ച് ജില്ലയിലെ ക്രമീകരണങ്ങൾ നടത്തുന്നത്. പീരുമേട് നിയോജക മണ്ഡലത്തിലെ പുല്ലുമേട്, ഉപ്പുപാറ സ്റ്റേഷൻ, കോഴിക്കാനം; വള്ളക്കടവ്, കുമളി, സത്രം, പരുന്തുംപാറ, കുട്ടിക്കാനം പെരുവന്താനം .പാഞ്ചാലിമേട്, മുക്കുഴി എന്നീ ഇടത്താവളങ്ങളിൽ കുടിവെള്ളം, ആരോഗ്യ പ്രവർത്തനങ്ങൾ, വെളിച്ചം, റോഡുകൾ തുടങ്ങി തീർത്ഥാടകർക്ക് ആവശ്യമായ ക്രമികരണങ്ങളാണ് തീർത്ഥാടന പാതയിൽ പ്രധാനമായും നടത്തേണ്ടത്. ഇതുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ യോഗത്തിൽ തീരുമാനിച്ചു. ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ .
യോഗത്തിൽ പീരുമേട് മണ്ഡലത്തിലെ വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പൊലീസ്, ഫയർഫോഴ്സ്,വനം വകുപ്പ്, ആരോഗ്യ വകുപ്പ്, തുടങ്ങിയ വിവിധ മേഖലകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.