
കട്ടപ്പന: സി.പി.എമ്മിനൊപ്പം നിൽക്കുമ്പോൾ സംരക്ഷിക്കുകയും പുറത്തായാൽ നടപടിയെടുക്കുകയും ചെയ്യുന്ന സർക്കാർ നടപ്പാക്കുന്നത് കാട്ടുനീതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കട്ടപ്പനയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി. അൻവറിന്റെ തടയണ പൊളിക്കുമെന്ന് ഇപ്പോൾ പറയുന്നവർ ഇത്രയും കാലം നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംരക്ഷിക്കുകയായിരുന്നോ?. സ്വർണക്കള്ളക്കടത്ത്,സ്വർണം പൊട്ടിക്കൽ,ലഹരിക്കടത്ത് സംഘങ്ങൾക്കെല്ലാം പാർട്ടി സംരക്ഷണം നൽകുകയാണ്.
ടി.പി. ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികൾ ജയിലിൽ കിടന്നു കൊണ്ടാണ് എല്ലാ സമൂഹിക വിരുദ്ധ ഏർപ്പാടുകൾക്കും നേതൃത്വം നൽകുന്നത്. ഷുഹൈബ് കൊലക്കേസിലെ പ്രതികൾ ഉൾപ്പെടെയുള്ളവർ തുടർന്നും കുറ്റകൃത്യങ്ങൾ ചെയ്യുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ഭരണകക്ഷി എം.എൽ.എയാണ് ഇപ്പോൾ പാർട്ടികത്ത് നടന്നിരുന്ന മുഴുവൻ കാര്യങ്ങളും പുറത്തു പറയുന്നത്. പ്രതിപക്ഷം രണ്ടു മൂന്ന് വർഷമായി ആവർത്തിച്ചു പറഞ്ഞ കാര്യങ്ങളാണിത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു കോക്കസുണ്ടെന്നും അവരാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്നും പറഞ്ഞത് പ്രതിപക്ഷമല്ലേ? സി.പി.എം- ബി.ജെ.പി അവിഹിത ബാന്ധവമുണ്ടെന്നും പൂരം കലക്കി തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ ശ്രമമുണ്ടായതും. എ.ഡി.ജി.പി മുഖ്യമന്ത്രിയുടെ ദൂതനായി ആർ.എസ്.എസ് നേതാവിനെ കണ്ടെന്നും പറഞ്ഞത് പ്രതിപക്ഷമാണ്. ഒരു മാസമായി കോൺഗ്രസും യു.ഡി.എഫും സമരത്തിലാണ്. പൂരം കലക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തൃശൂരിൽ മഹാസമ്മേളനം നടത്തിയെന്നും സതീശൻ പറഞ്ഞു.
യു.ഡി.എഫിലെടുക്കുന്ന
കാര്യം ചർച്ച ചെയ്തിട്ടില്ല
അൻവർ യു.ഡി.എഫിലേക്ക് വരുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെ ചർച്ച നടത്തിയിട്ടില്ല. അത് താൻ ഒറ്റയ്ക്ക് പറയേണ്ട കാര്യമല്ല. അവസരം വരുമ്പോൾ ഞങ്ങൾ ചർച്ച ചെയ്യും. ഇതുവരെ അൻവർ എൽ.ഡി.എഫിലായിരുന്നല്ലോ,രണ്ട് ദിവസം മുമ്പല്ലേ മാറിയതെന്നും സതീശൻ ചോദിച്ചു.