തൊടുപുഴ: മഴക്കാറ് കണ്ടാൽ മതി തൊടുപുഴ നഗരം വെള്ളത്തിലാകാൻ. ഇന്നലെ ഉച്ച കഴിഞ്ഞ് പെയ്ത മഴയിലും നഗരത്തിലെമ്പാടും വെള്ളമുയർന്നു. കാഞ്ഞിരമറ്റം- മങ്ങാട്ടുകവല ബൈപാസിൽ ന്യൂമാൻ കോളജിന് സമീപം ചെറിയ മഴ പെയ്താൽ പോലും വെള്ളമുയർന്ന് യാത്ര ദുഷ്‌കരമാകുന്ന സ്ഥിതിയാണ്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കുമാണ് ഇവിടത്തെ വെള്ളക്കെട്ട് ദുരിതം സമ്മാനിയ്ക്കുന്നത്. തൊടുപുഴ- കാഞ്ഞിരമറ്റം ജംഗ്ഷൻ മുതൽ ന്യൂമാൻ കോളജിന് സമീപം വരെ പാതയോരത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ നവീകരണ പ്രവർത്തികളാണ് വിനയായത്. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പാതയുടെ ഇരു വശങ്ങളിലും സ്ലാബിട്ട് ടൈൽ വിരിച്ച് സംരക്ഷണ വേലി സ്ഥാപിച്ച് പ്രദേശം ആകർഷകമാക്കിയിരുന്നു. കാൽനടയാത്രക്കാർക്ക് സൗകര്യപ്രദമായാണ് റോഡിന്റെ വശങ്ങളിൽ നടപ്പാതകൾ നിർമ്മിച്ച് സംരക്ഷണ വേലി സ്ഥാപിച്ചത്. എന്നാൽ, ഇതുകാരണം ഇപ്പോൾ റോഡിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയായി. വെള്ളം ഒഴുകി പോകാൻ വ്യാസം കുറഞ്ഞ പൈപ്പുകൾ സ്ഥാപിച്ചതിനെ തുടർന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ചെറിയ മഴ പെയ്താൽ പോലും വലിയ വെള്ളക്കെട്ട് രൂപപ്പെടും. വാഹനങ്ങൾ കടന്ന് പോകുമ്പോൾ കാൽനട യാത്രക്കാർക്കും ഇരു ചക്രവാഹന യാത്രക്കാരുടെയും മേൽ ചെളിവെള്ളം തെറിക്കുന്നതും പതിവാണ്. പലപ്പോഴും വെള്ളക്കെട്ടിന് നടുവിലെത്തുമ്പോൾ വാഹനങ്ങൾ നിന്നു പോകുന്ന സാഹചര്യവുമുണ്ട്. മഴ മാറിയാലും ഏറെ സമയം റോഡിൽ വെള്ളം കെട്ടി നിൽക്കും. വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് ഇത് പരിഹരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഇതും ഫലവത്തായില്ല. വെള്ളം ഒഴുകി പോകാനായി റോഡിന്റെ സൈഡിൽ ചാലുകൾ തീർത്തെങ്കിലും ഇതൊന്നും വെള്ളക്കെട്ടിന് പരിഹാരമായില്ല.
സ്റ്റുഡിയോയ്ക്ക്
മുകളിലേക്ക് മരം വീണു
ഇന്നലെ പെയ്ത മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ റോഡരികിൽ നിന്ന തണൽ മരം മങ്ങാട്ടുകവല പെട്രോളിന് പമ്പിന് സമീപത്തെ കെട്ടിടത്തിന് മുകളിലേക്ക് വീണു. മങ്ങാട്ടുകവലയിൽ ഫോട്ടോ ക്ലിക്ക് എന്ന പേരിൽ പ്രവർത്തിക്കുന്ന സ്റ്റുഡിയോയ്ക്ക് മുകളിലേക്കാണ് മരം വീണത്. കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ഭാഗ്യത്തിന് ആർക്കും പരിക്കില്ല.