
കട്ടപ്പന :സഹജീവികളോട് കാരുണ്യം കാണിച്ച് മാതൃകയായ സ്വകാര്യബസ് ജീവനക്കാർക്ക് ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തിൽ സ്‌നേഹാദരവ് നൽകി . കഴിഞ്ഞ ആഴ്ചയിൽ വിവിധ ദിവസങ്ങളിലായി കട്ടപ്പന മേഖലയിലെ മൂന്ന് സ്വകാര്യ ബസുകളിലെ ജീവനക്കാരാണ് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മാതൃകയായത്.ഉപ്പുതറ ബകട്ടപ്പന നെടുങ്കണ്ടം റൂട്ടിൽ സർവ്വീസ് നടത്തുന്ന ക്യൂൻമേരി ബസിലെ ജീവനക്കാരായാ ചാൾസ് സെബാസ്റ്റ്യനും ഷിജു മോഹനനും ബസിനുള്ളിൽ കുഴഞ്ഞ് വീണ യാത്രക്കാരനെ ബസിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. മ്ലാമല കട്ടപ്പന റൂട്ടിൽ സർവ്വീസ് നടത്തുന്ന ജയ്കൃഷ്ണ ബസിലെ ജീവനക്കാരായ ലിബു മാത്യുവും ഷൈജുവും ബസിനുള്ളിൽ വച്ച് ശാരീരികമായ അവശത അനുഭവപ്പെട്ട വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിച്ചിരുന്നു.കുട്ടിക്കാനം കട്ടപ്പന റൂട്ടിൽ സ്വരാജിന് സമീപം ബൈക്കപകടത്തിൽ പരിക്കേറ്റ് ആരും തിരിഞ്ഞ് നോക്കാതെ വഴിയിൽ കിടന്ന ദമ്പതികളെ കഴിഞ്ഞ ശനിയാഴ്ച സി. എം. എസ് ബസിലെ ജീവനക്കാരായ സുരേഷ് തൊട്ടിയിൽ ,അഭിലാഷ് പീറ്റർ എന്നിവർ യാത്രക്കാരുടെ സഹായത്തോടെ ബസിൽ കയറ്റി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ സംഘടിപ്പിച്ച ചടങ്ങ് കട്ടപ്പന ട്രാഫിക് എസ്. ഐ ടി ബിജു ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ഭാരവാഹികളായ ശ്രീകാന്ത് രവീന്ദ്രൻ , മധുസൂധനൻനായർ ടി കെ , രാജേഷ് കീഴേവീട്ടിൽ ,ചന്ദ്രശേഖരൻ , മനു പി വിനോദ് എന്നിവരും പങ്കെടുത്തു.