ജെ.സി.ബിയും കല്ലുവെട്ട് യന്ത്രങ്ങളും പിടിച്ചെടുത്തു
കാസർകോട്: ചീമേനി കനിയാന്തോലിലെ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ച ചെങ്കൽ ക്വാറി പ്രവർത്തിച്ചത് സുരക്ഷാ വ്യവസ്ഥകൾ പാലിക്കാതെ ആയിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ക്വാറി ഉടമകൾക്ക് കോമ്പൗണ്ടിംഗ് ഫീസ് ഉൾപ്പെടെ 3,32,720 രൂപ പിഴ ചുമത്തി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ജില്ലാ മേധാവി കെ.കെ വിജയ.
കയ്യൂർ വില്ലേജിൽ റീസർവേ നമ്പർ 184/ഒന്ന് പാർട്ട് 415ലെ ചെങ്കൽ പണയുടെ ഉടമകളായ രാജപുരം നൂഞ്ഞി ഹൗസിൽ ലക്ഷ്മണ ഭട്ട്, സഹോദരൻ കാഞ്ഞങ്ങാട് നിട്ടടുക്കം എച്ച്. സുബ്രഹ്മണ്യ ഭട്ട് എന്നിവർക്കെതിരെയാണ് ജിയോളജി വകുപ്പിന്റെ നടപടി. പിഴ തുക സെപ്തംബർ 20നുള്ളിൽ സർക്കാരിലേക്ക് അടക്കണമെന്ന് നോട്ടീസിൽ പറഞ്ഞിട്ടുണ്ട്. അനധികൃത ഖനനം നടത്താൻ ഉപയോഗിച്ച ജെ.സി.ബിയും മൂന്ന് കല്ലുവെട്ടു യന്ത്രങ്ങളും പിടികൂടി, ചീമേനി പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്. ക്വാറി അപകട നിലയിലായതിനാൽ നികത്തുകയോ ചുറ്റും സുരക്ഷാഭിത്തി നിർമ്മിക്കുകയോ ചെയ്ത് വിവരം ഓഫീസിൽ അറിയിക്കണമെന്നും നോട്ടീസിലുണ്ട്.
ചീമേനി കനിയാന്തോലിലെ രാധാകൃഷ്ണൻ- പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ് (11), ശ്രീദേവ് (11) എന്നീ കുട്ടികൾ കഴിഞ്ഞ ജൂൺ 17ന് ബക്രീദ് ദിനത്തിൽ വൈകുന്നേരം ക്വാറിയിലെ വെള്ളത്തിൽ മുങ്ങിമരിച്ചതിനെ തുടർന്ന് കളക്ടറുടെ നിർദ്ദേശ പ്രകാരം പരിശോധന നടത്തിയിരുന്നു. തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതിനുള്ള മറുപടി നിയമപരമായി അംഗീകരിക്കാനാകാത്തതിനാൽ വീണ്ടും നടത്തിയ പരിശോധനയിൽ ക്വാറി കൂടുതൽ വിപുലീകരിച്ചതായും ആഴം കൂട്ടിയതായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജിയോളജി വകുപ്പിന്റെ നടപടി.
ഖനനം ചെയ്തത് 7816 ക്യൂബിക് മീറ്റർ ചെങ്കല്ല്
സ്ഥലത്തെ മൂന്ന് ബ്ലോക്കുകളിൽ നിന്നായി 7816 ക്യൂബിക് മീറ്റർ ചെങ്കല്ല് അനധികൃതമായി ഖനനം ചെയ്തതായാണ് കണ്ടെത്തിയത്. നിലവിലുള്ള ചട്ട പ്രകാരം ഖനനം ചെയ്യുമ്പോൾ പാഴായി പോയ 30 ശതമാനം ചെങ്കല്ലിന്റെ അളവ് കുറച്ച് 5471.2 ക്യൂബിക് മീറ്റർ ചെങ്കല്ലിന് 120 രൂപ നിരക്കിൽ 6,56,544 രൂപ റോയൽറ്റിയും വിലയായി 26,26,176 രൂപയും ചേർത്താണ് പിഴത്തുക കണക്കാക്കിയത്.
ക്വാറി മറിച്ചുവിറ്റും പണമുണ്ടാക്കി
ചീമേനി കനിയാന്തോളിലെ ദുരന്തം ഉണ്ടായ ചെങ്കൽ ക്വാറി കാസർകോട് സ്വദേശിക്ക് മറിച്ചു വിറ്റും സ്ഥലമുടമ പണം ഉണ്ടാക്കിയതായതായി വ്യക്തമായിരുന്നു. ചെങ്കല്ല് വെട്ടി ക്വാറി ഉപേക്ഷിച്ചു പോകുമ്പോൾ മണ്ണിട്ടു മൂടി സാധാരണ നിലയിൽ ആക്കണമെന്നാണ് വ്യവസ്ഥ. അത് പാലിച്ചില്ല. ഖനനം നിർത്തിവയ്ക്കാൻ കയ്യൂർ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും പ്രവർത്തിച്ചു. പിടിച്ചെടുത്ത ജെ.സി.ബിയും യന്ത്രങ്ങളും ഇയാളുടെതാണ്. എന്നാൽ നിയമപ്രകാരം സ്ഥലമുടമയ്ക്ക് എതിരെ നടപടി എടുക്കാൻ മാത്രമേ ജിയോളജി വകുപ്പിന് നിർവ്വാഹമുള്ളൂ. പിടിച്ചെടുത്ത ജെ.സി.ബിയും കല്ലുവെട്ടു യന്ത്രങ്ങളും വിട്ടുകിട്ടുന്നതിന് ഉന്നതതല സമ്മർദ്ദം പൊലീസ് ഉദ്യോഗസ്ഥരിലും ജിയോളജി വകുപ്പ് അധികൃതരിലും ഉണ്ടായിരുന്നെങ്കിലും കർശന നിലപാടിലായിരുന്നു ജിയോളജി വകുപ്പ്.