കണ്ണൂർ: കനത്ത മഴയ്ക്ക് പിന്നാലെ കീടബാധ കൂടി വന്നതോടെ കതിരിടാറായ നെൽച്ചെടികൾ കരിഞ്ഞുണങ്ങുന്നത് നെൽകർഷകരെ പ്രതിസന്ധിയിലാക്കുന്നു. ജില്ലയിൽ കരിവെള്ളൂർ, പട്ടുവം, മയ്യിൽ, കുറുമാത്തൂർ പഞ്ചായത്തിലെ മുയ്യം എന്നിവിടങ്ങളിലെല്ലാം നെൽകർഷകർ കീടബാധ ഭീഷണി നേരിടുന്നുണ്ട്. എല്ലാ വർഷവും നെൽകർഷകരെ കീടബാധ ആശങ്കയിലാഴ്ത്താറുണ്ടെങ്കിലും ഈ വർഷം വളരെ രൂക്ഷമായ സ്ഥിതിയാണ്. ഈ വർഷം ജില്ലയിൽ വ്യാപകമായി പെയ്ത കനത്ത മഴയിൽ പലയിടത്തും വൻകൃഷി നാശം സംഭവിച്ചതിന് പിന്നാലെയാണ് കീടബാധയും നെൽകർഷകർക്ക് തിരിച്ചടിയായത്. കീടബാധ വർദ്ധിച്ചതോടെ മിക്ക വയലുകളിലും നെൽച്ചെടികൾ കരിഞ്ഞുണങ്ങുകയാണെന്ന് കർഷകർ പറഞ്ഞു.
ഒന്നാം വിളയായി നെൽകൃഷി ഇറക്കിയവർക്കാണ് വലിയ പ്രതിസന്ധി. തുടക്കത്തിൽ തന്നെ തടയാൻ കഴിയാത്തത് ചെടികളിൽ നിന്നും ചെടികളിലേക്കും തുടർന്ന് വയലുകളിലേക്കും രോഗം വ്യാപിക്കാൻ ഇടയായി. പച്ചചാണകം വെള്ളത്തിൽ കലക്കി പലരും ചെടികൾക്ക് തളിച്ച് കൊടുത്തിരിന്നുവെങ്കിലും കീടങ്ങൾ നശിച്ചില്ല.
ചാഴി വണ്ടിന്റെ ആക്രമണവും പലയിടങ്ങളിൽ രൂക്ഷമാണ്. ശരീരത്തിന്റെ പുറംഭാഗം തവിട്ടുനിറത്തിലും അടിഭാഗം പച്ചനിറത്തിലുമായി കാണപ്പെടുന്ന കീടം മെലിഞ്ഞു നീളം കൂടിയതും ദുർഗന്ധം വമിക്കുന്നതുമാണ്. കതിർകുല പുറത്തുവന്നു നീര് നിറഞ്ഞിരിക്കുന്ന സമയത്താണ് ഇവയുടെ ആക്രമണം. കതിരിലും ചെടികളിലും പറ്റിപ്പിടിക്കുന്ന പ്രാണികൾ നെന്മണികളിൽ തുളച്ചുകയറും. ഇവയുടെ ആക്രമണം മൂലം നെന്മണികൾ പതിരാകുന്നതിനാൽ വിള നശിക്കും.
മുളച്ചു കഴിഞ്ഞാലുടൻ ആക്രമണം
വിത്ത് മുളച്ചു കഴിഞ്ഞ് ഏതാനും ദിവസത്തിനകം ഇല ചുരുട്ടിപ്പുഴു, തണ്ടു തുരപ്പൻ പുഴു തുടങ്ങിയവയുടെ ആക്രമണം ആരംഭിക്കും. വെള്ളനിറത്തിലും തവിട്ടു നിറത്തിലുമുള്ള ചെറിയ പാറ്റയുടെ രൂപത്തിലാണ് ഇവ. ആക്രമണം തുടങ്ങിയാൽ ദിവസങ്ങൾക്കകം ചെടി പൂർണമായും നശിക്കും. ജൈവകീടനാശിനികളിൽ ‘കോറജനാ’ണു ചെറിയ തോതിലെങ്കിലും കീടങ്ങളെ ചെറുക്കുന്നത്. നെല്ല് വിളവെടുപ്പിനു പാകമാകാൻ തുടങ്ങുന്ന സമയത്താണു ചാഴി ആക്രമണം. ഫിഷ് അമിനോ ആസിഡ് നെൽക്കതിരുകളിൽ തളിക്കുകയാണു പ്രതിരോധ മാർഗം.
നഷ്ടപരിഹാരം കൃഷിഭവനിലൂടെ
കൃഷിനാശമുണ്ടായാൽ കർഷർ എത്രയും പെട്ടെന്ന് വിവരം അതത് കൃഷിഭവനുകളിൽ അറിയിക്കണം. തുടർന്ന് കർഷക ഐ.ഡി. തയ്യാറാക്കി എയിംസ് പോർട്ടലിൽ ഓൺലൈനായി വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം. കൃഷിനാശത്തിന്റെ ഫോട്ടോ അടക്കം ഇതിൽ രേഖപ്പെടുത്തണം. തുടർന്ന് 24 മണിക്കൂറിനകം കൃഷി ഓഫീസർ സ്ഥലം സന്ദർശിച്ച് പ്രഥമവിവര പട്ടിക തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാര തുക നിശ്ചയിക്കുക.
ഇതുവരെ ഇത്ര രൂക്ഷമായ അവസ്ഥ ഉണ്ടായിട്ടില്ല. കനത്ത മഴയ്ക്ക് പിന്നാലെ കീടബാധയും വന്നതോടെ വൻ നഷ്ടമാണ് നെൽകർഷകർ നേരിടുന്നത്. ഒരു ഏക്കർ കൃഷിക്ക് കൂലിയും മറ്റു ചിലവുകളുമായി 30,000 രൂപയോളം ചിലവ് വരുന്നുണ്ട്. നിലവിൽ മുടക്കുമുതൽ കൂടി കിട്ടാത്ത സ്ഥിതിയാണ്.
പി.വി. ഭാസ്കരൻ, കരിവെള്ളൂർ