prathi-
പ്രതീ അനീഷ് കുമാർ

കാസർകോട്: മംഗളൂരുവിനടുത്ത കങ്കനാടിയിൽ നിന്ന് രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിച്ച എറണാകുളം സ്വദേശിയെ മണിക്കൂറുകൾക്കകം കാസർകോട് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം, പറവൂർ തത്തിപ്പള്ളം, മാട്ടുവയക്കര, കണ്ടത്തിൽ ഹൗസിലെ അനീഷ് കുമാറി (49) നെയാണ് കാസർകോട് റെയിൽവെ പൊലീസ് എസ്.ഐമാരായ റജികുമാർ, സനൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ട്രെയിനിൽ വെച്ച് പിടികൂടിയത്.

ശനിയാഴ്‌ച രാത്രി 12 മണിയോടെ ഗാന്ധിധാം-നാഗർകോവിൽ എക്സ്‌പ്രസിലാണ് കുട്ടിയുമായി ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. ശനിയാഴ്‌ച വൈകുന്നേരമാണ് കങ്കനാടിയിലെ രണ്ടുവയസുള്ള പെൺകുട്ടിയെ കാണാതായത്. വീട്ടുകാർ ഉടൻ തന്നെ കങ്കനാടി പൊലീസിനെ അറിയിച്ചു. കുട്ടിയെ ആരെങ്കിലും തട്ടികൊണ്ടു പോയിരിക്കാമെന്ന സംശയത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത കങ്കനാടി പൊലീസ് മംഗളൂരുവിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കാസർകോട് പൊലീസിലും വിവരം കൈമാറി.

ട്രെയിനിൽ സംശയകരമായ നിലയിൽ ഒരാൾ കുട്ടിയെയും കൊണ്ട് കയറിയിട്ടുണ്ടെന്ന വിവരം കാസർകോട് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ രാധേശ്യാം മീണ റെയിൽവേ പൊലീസ് സ്റ്റേഷനിൽ കൈമാറി. കുട്ടിയെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നതിനിടയിലാണ് ഗാന്ധിധാം എക്സ്‌പ്രസ്സ് കാസർകോട്ടെത്തിയത്.

റെയിൽവെ പൊലീസും ആർ.പി.എഫും ജനറൽ കമ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ ട്രെയിനിന്റെ മുൻഭാഗത്തെ ജനറൽ കമ്പാർട്ട്മെന്റിൽ കുട്ടിയെയും അനീഷ് കുമാറിനെയും കണ്ടെത്തുകയായിരുന്നു. ഇയാളെ ട്രെയിനിൽ നിന്ന് ഇറക്കി ചോദ്യം ചെയ്തപ്പോൾ കൃത്യമായി മറുപടി നൽകാൻ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്നാണ് പിടികൂടിയത്. വിവരമറിഞ്ഞ് ചൈൽഡ് ലൈൻ അധികൃതരും സ്ഥലത്തെത്തി മൊഴിയെടുത്തു. തൊട്ടു പിന്നാലെ കങ്കനാടി പൊലീസ് കാസർകോട്ടെത്തി. പ്രതിയെയും കുട്ടിയെയും അവർക്ക് കൈമാറി മംഗളൂരുവിലേയ്ക്ക് കൊണ്ടുപോയി. റെയിൽവെ പൊലീസ് സംഘത്തിൽ എ.എസ്.ഐ വേണുഗോപാൽ, പൊലീസുകാരായ സനൻ, പ്രദീപ് കുമാർ, ആർ.പി.എഫ് എ.എസ്.ഐമാരായ വിനോദ്, രാജീവൻ, പ്രഭാകരൻ, ശ്രീരാജ് എന്നിവരും ഉണ്ടായിരുന്നു.