പയ്യന്നൂർ : കുഞ്ഞിമംഗലം മാവിനോടൊപ്പം മറ്റ് നാടൻ മാവിനങ്ങളേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പയ്യന്നൂർ കോളേജ് ബോട്ടണി പി.ജി.വിഭാഗവും, കുഞ്ഞ്യാങ്ങലം മാങ്ങാ കൂട്ടായ്മയും ചേർന്ന് നടപ്പിലാക്കുന്ന ഓർമ്മകളുടെ ചെറുമാന്തോപ്പ് പദ്ധതിക്ക് കോറോം ഗവ: ഹയർ സെക്കൻഡറി സ്കൂളിലും തുടക്കമായി. എൻ.എസ്. എസ്, എസ്.പി.സി. യൂണിറ്റുകളുടെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ കുഞ്ഞിമംഗലം മാവിനെ കൂടാതെ ഏറെ വൈവിധ്യമുള്ള അമ്പതോളം നാടൻ മാവുകളുമാണ് നട്ടു പിടിപ്പിച്ച് സംരക്ഷിക്കുന്നത്. പി.ടി.എ.പ്രസിഡന്റ് എം.വി.രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ കോളേജ് ബോട്ടണി വിഭാഗം തലവൻ ഡോ.രതീഷ് നാരായണൻ, പി.പി.രാജൻ, വി.വി.ബിജു, പി.കെ.സന്തോഷ് കുമാർ, സ്മിത കാമ്പ്രത്ത് സംസാരിച്ചു. പ്രിൻസിപ്പൽ കെ.പി.അനൂപ്കുമാർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി വി.രതീഷ് നന്ദിയും പറഞ്ഞു.