
കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് മാതോടത്തെ വാണിയം പറമ്പത്ത് വീട്ടിൽ ദിലീപിന്റെ വീട്ടുമുറ്റം ഇപ്പോൾ മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പാടമാണ്. മുപ്പത് സെന്റിൽ വിരിഞ്ഞുനിൽക്കുന്ന പൂപ്പാടം കണ്ണിൽപെടുന്ന ആരും കുറച്ചുനേരം നിന്ന് ഇതിന്റെ ഭംഗി ആസ്വദിച്ച് മാത്രമേ കടന്നുപോകാറുള്ളു.
ഓണത്തിന് അന്യ സംസ്ഥാന പൂക്കളെ ആശ്രയിക്കുന്ന മലയാളികൾക്ക് മുന്നിൽ കൃഷിവകുപ്പ് അവതരിപ്പിച്ച 'ഓണത്തിന് ഒരു ഒരു കൊട്ടപ്പൂവ് ' പദ്ധതിയിൽ വഴിയാണ് ദിലീപ് വീട്ടുമുറ്റം പൂപ്പാടമാക്കിയത്.ആയിരത്തിലധികം ചെണ്ടുമല്ലി ചെടികൾ ഇവിടെ പൂവിട്ടുനിൽക്കുന്നത്. നാറാത്ത് ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡിൽ മാതോടത്ത് പരീക്ഷണാടിസ്ഥാനത്തിൽ നാറാത്ത് കൃഷിഭവന്റെ പിന്തുണയോടെ ഇറക്കിയ കൃഷിക്ക് ആദ്യ വർഷം തന്നെ ഇരട്ടി വിളവാണ്.
ദിലീപിന്റേതടക്കം നാറാത്ത് കൃഷിഭവന്റെ പത്തോളം കൂട്ടായ്മകളാണ് പ്രദേശത്ത് പൂ കൃഷി ഇറക്കിയത്. മികച്ച ഫലം കണ്ടതോടെ വരുംവർഷം കൂടുതൽ സ്ഥലങ്ങളിളിലേക്ക് കൃഷി വ്യാപിക്കാനുള്ള തീരുമാനത്തിലാണ് കൃഷി ഭവൻ . ചെടികൾകൾക്കുണ്ടാകുന്ന വാട്ട രോഗമൊഴിച്ചാൽ പൂ കൃഷി എളുപ്പവും ലാഭകരവുമാണെന്നാണ് ദിലീപിന്റെ അഭിപ്രായം.പെയിന്റിംഗ് കോൺട്രാക്ടറായ ദിലീപ് ഒഴിവു ദിവസങ്ങളിലും രാവിലെയും വൈകുന്നേരമാണ് കൃഷിക്ക് സമയം കണ്ടെത്തുന്നത്. വീട്ടുമുറ്റം കേന്ദ്രീകരിച്ചു തന്നെ പൂക്കളുടെ വിപണി ഒരുക്കാനാണ് ദിലീപിന്റെ തീരുമാനം.
അബിയു , റൊളിനീയ, ജബോട്ടികബ, കസ്റ്റാൾഡ് ആപ്പിൾ,റംബൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്സ് എന്നിവയും വൈവിധ്യമാർന്ന പച്ചക്കറി കിഴങ്ങു വർഗ്ഗ തോട്ടവും ദിലീപിന്റെ വീട്ടുപറമ്പിലുണ്ട്. ഭാര്യ ഷൈജയും മക്കൾ ദേവികയും ആൽവിയയുമാണ് കൃഷിയിൽ ദിലീപിന്റെ സഹായികൾ.