ഇരിട്ടി: കീഴൂർ വിവേകാനന്ദ പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമം എഴുത്തുകാരനും പ്രഭാഷകനുമായ പി.എസ്. മോഹനൻ കൊട്ടിയൂർ ഉദ്ഘാടനം ചെയ്തു. ഭാരതം എന്നത് ഉദാത്ത ജീവിത സങ്കല്പത്തിന്റെയും ജീവിത വീക്ഷണത്തിന്റെയും ഭൂമികയാണെന്നും അമ്മയാണ് ഭാരത സങ്കല്പത്തിലെ ഉദാത്ത മാതൃക എന്നും കുടുംബസങ്കല്പം എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. ഭാരതത്തെ നമ്മൾ ഭാരത മാതാവ് എന്ന് വിളിക്കുന്നു. ഒരു മാതാവുണ്ടെങ്കിൽ ആ കെട്ടിടത്തെ നമ്മൾ ഭവനം എന്ന് വിളിക്കും. മാതാവില്ലാത്ത കെട്ടിടം വെറും കെട്ടിടം മാത്രമാണെന്നും മോഹനൻ പറഞ്ഞു. കീഴൂർ നിവേദിതാ വിദ്യാലയത്തിൽ നടന്ന സംഗമത്തിൽ സ്വാശ്രയസംഘം പ്രസിഡന്റ് എം. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ പി.പി. ജയലക്ഷ്മി, കെ.പി. കുഞ്ഞിനാരായണൻ, എം. ബാബു എന്നിവർ പ്രസംഗിച്ചു.