ഇരിട്ടി: വയനാട് -കരിന്തളം 400 കെ.വി ലൈൻ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി പുറത്തിറിക്കിയ കർണാടക മോഡൽ പാക്കേജിനെ ആക്ഷൻ കൗൺസിലുകൾ തള്ളിയ സാഹചര്യത്തിൽ സംയുക്ത ആക്ഷൻ കൗൺസിലുകളുടെ നയരൂപീകരണ യോഗം ഉളിക്കൽ പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്നു. പേരാവൂർ, ഇരിക്കൂർ എം.എൽ.എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിളിച്ചുകൂട്ടിയ നയരൂപീകരണ യോഗത്തിൽ നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് ഏകാഭിപ്രായം രൂപപ്പെട്ടു.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കർണാടക മോഡൽ പാക്കേജ് ചർച്ച ചെയ്യാൻ 3ന് കണ്ണൂരിൽ നടക്കുന്ന യോഗത്തിൽ ഉന്നയിക്കേണ്ട ആവശ്യങ്ങൾ എന്തായിരിക്കണം എന്ന് യോഗം ചർച്ച ചെയ്തു തീരുമാനിച്ചു. പേരാവൂർ ഇരിക്കൂർ മണ്ഡലങ്ങളിലെ പഞ്ചായത്തുകളിൽ നിന്നും നിരവധി കർഷകരാണ് സംയുക്ത ആക്ഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്തത് . നഷ്ടപരിഹാര പാക്കേജിൽ പല മേഖലകളിലും ഇന്നും അവ്യക്തത നിലനിൽക്കുന്നത് യോഗം ഗൗരവത്തോടെ ചർച്ച ചെയ്തു. ലൈൻ കടന്നുപോകുന്ന വഴികളിൽ പല താമസക്കാരും ഇന്നും ഇതിനെകുറിച്ച് ബോധവാന്മാരല്ലെന്നും ഇത് ജനകീയ പ്രശ്നമായി ഏറ്റെടുക്കണം എന്നും യോഗം ചർച്ചചെയ്തു.പൊതു താല്പര്യത്തിന്റെ അടിസ്ഥാനത്തിൽ ഭൂമി നഷ്ടപെടുന്ന കർഷകർക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തെകുറിച്ച് കർഷകരും ജനപ്രതിനിധികളും വിവിധ നിർദേശങ്ങൾ മുന്നോട്ടുവച്ചു.
ന്യായമായ നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമേ നിർമ്മാണം അനുവദിക്കുകയുള്ളുവെന്നും അല്ലാത്തപക്ഷം അടുത്തഘട്ടമായി സമരപരിപാടികൾ ഉൾപ്പെടെ സംഘടിപ്പിക്കാനും യോഗം ചർച്ചചെയ്തു.
കർഷകരുടെ ആശങ്കകളും അവർക്ക് സംഭവിക്കുന്ന നഷ്ടവും മനസിലാക്കിയ എം.എൽ.എമാർ ശക്തമായ പിന്തുണയുമായി തങ്ങൾ ജനങ്ങൾക്ക് ഒപ്പമാണെന്ന് പ്രഖ്യാപിച്ചു. പൊതുവായ ആവശ്യം എന്ന നിലയിൽ ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് സെന്റിന് ഒരു ലക്ഷം രൂപയും ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് സെന്റിന് 50,000 രൂപയും ഉൾക്കൊള്ളുന്ന പാക്കേജ് ആവശ്യപെടാമെന്ന സണ്ണി ജോസഫ് എം.എൽ.എ യുടെ നിർദേശം എല്ലാവരും കൈയടികളോടെ സ്വീകരിച്ചു ബദൽ നിർദേശം എന്നനിലയിൽ പയസ് അച്ഛൻ മുന്നോട്ട് വച്ച പ്ലാനും ചർച്ചയിൽ അവതരിപ്പിക്കും. ടവർ സ്ഥാപിക്കുന്ന സ്ഥലത്തേക്ക് റോഡ് നിർമ്മിക്കുമ്പോൾ സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം ലഭിക്കണം.
നിലപാട് തള്ളപ്പെട്ടാൽ പ്രക്ഷോഭം
കർഷകരുടെ ആവശ്യങ്ങളോട് അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ അടുത്ത ഘട്ടമായി സമരപരിപാടികൾ ഉൾപ്പെടെ നടത്തുവാനും യോഗത്തിൽ തീരുമാനം വന്നു. മൂന്നിന് നടക്കുന്ന ചർച്ചയിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ഉൾപ്പെടെയുള്ള അംഗങ്ങളെ പങ്കെടിപ്പിക്കണം. അല്ലാത്തപക്ഷം എം.എൽ.എമാർ യോഗം ബഹിഷ്കരിക്കാനും തീരുമാനിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കുര്യാച്ചൻ പൈമ്പള്ളികുന്നേൽ (അയ്യങ്കുന്ന് ), പി.സി.ഷാജി (ഉളിക്കൽ), ജോബി കണിക്കാട്ട് (ആലക്കോട്), ബേബി ഓടംപള്ളി ( നടുവിൽ), മിനി ഷൈബി (ഏരുവേശി ), ആക്ഷൻ കൗൺസിൽ ഭാരവാഹികളായ തോമസ് വർഗീസ്, പൈലി വാത്യാട്ട് , ബെന്നി പുതിയമ്പുറം, പഞ്ചായത്ത് അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു.