stadium

മാഹി: മയ്യഴിയുടെ കായികസ്വപ്നങ്ങളുടെ സാക്ഷാത്കാരമായി പന്ത്രണ്ട് വർഷം മുമ്പ് നിർമ്മിച്ച മാഹി ഇൻഡോർ സ്റ്റേഡിയം പൊട്ടിപ്പൊളിഞ്ഞും പരിപാലനമില്ലാതെയും നാശോന്മുഖമാകുന്നു. പുറംകാഴ്ചയിൽ ഗംഭീരമെന്ന് തോന്നിക്കുമെങ്കിലും അകത്തുകയറിയാൽ വൃത്തിഹീനമായ അവസ്ഥയും വെളിച്ചക്കുറവും തൊട്ട് അസൗകര്യങ്ങളുടെ മേച്ചിൽപ്പുറമെന്ന് ഒറ്റനോട്ടത്തിൽ ബോദ്ധ്യപ്പെടും.

വിദ്യാർത്ഥികളും മുതിർന്നവരുമടക്കം ദിനംപ്രതി 250 പേരോളം പരിശീലനം നടത്തുന്ന സ്റ്റേഡിയത്തിലെ ശുചിമുറികൾ വൃത്തിഹീനമാണ്.ആവശ്യത്തിന് വെളിച്ചവുമില്ല. സ്റ്റേഡിയത്തിന്റെ സീലിംഗ് പലയിടത്തും അടർന്നുതൂങ്ങിയ നിലയിലാണ്. സ്വുച്ച്ബോർഡുകളും വയറിംഗും ഏതുസമയത്തും അപകടമുണ്ടാക്കാൻ പോന്ന വിധത്തിൽ അടർന്നുനിൽക്കുന്നു.ജനററേറ്റർ പ്രവർത്തനരഹിതവും.രാത്രികാലത്ത് കളിക്കാൻ എത്തുന്നവർക്ക് സ്റ്റേഡിയത്തിന് പുറത്ത് വെളിച്ചമില്ലാത്തതിനാൽ മൊബൈൽഫോണിലെ ടോർച്ച് തന്നെ ശരണം.

സ്റ്റേഡിയത്തിന് പുറത്തുള്ള ഫുട്‌ബോൾ ഗ്രൗണ്ടും കാട് മൂടിയ അവസ്ഥയിലാണ്.ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാണിവിടം.ദേശീയതല മത്സരങ്ങൾക്ക് വേദിയാകാനുള്ള കാഴ്ചപ്പാടോടെയാണ് മാഹിയിലെ ആദ്യത്തെ സ്റ്റേഡിയം നിർമ്മിച്ചതെങ്കിലും ഈ രീതിയിൽ ഇന്നേവരെ ഉപയോഗപ്പെടുത്താനുമായിട്ടില്ല.

സ്റ്റേഡിയത്തിൽ സ്ഥിരം ശുചീകരണ തൊഴിലാളികളോ, വാച്ച്മാൻമാരോ മറ്റ് ഉദ്യോഗസ്ഥരോ ഇല്ല. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ബാലഭവനിലെ രണ്ട് കായികാദ്ധ്യാപകരാണ് ഇപ്പോൾ സ്റ്റേഡിയം തുറക്കുന്നത്. ശുചീകരണ തൊഴിലാളികൾ ഇല്ലാത്തതിനാൽ അത്യാവശ്യ ശുചീകരണ പ്രവൃത്തികളും ഇവരുടെ ചുമതലയാണ്. 2012ൽ പന്ത്രണ്ടുകോടി ചിലവിൽ നിർമ്മിച്ച് വിദ്യാഭ്യാസ വകുപ്പിന് 2015ൽ കൈമാറിയ സ്റ്റേഡിയം ഇപ്പോൾ ലോക്കൽ സ്‌പോർട്സ് മാനേജ്‌മെന്റ് കമ്മിറ്റിയാണ് പരിപാലിക്കുന്നത്.

മാഹി ഇൻഡോർ സ്റ്റേഡിയം

വോളിബാൾ കോർട്ട് 1

ബാസ്‌കറ്റ് ബാൾ കോർട്ട് 1,
ഷട്ടിൽ കോർട്ട് 4
ടേബിൾ ടെന്നീസ് കോർട്ട് 3,
ഗാലറി (ശേഷി 750)

പുതുച്ചേരിയുടെ ഫുട്ബാൾ കളരി
പുതുച്ചേരി സംസ്ഥാനത്തിന്റെ ഫുട്ബാൾ താരങ്ങളുടെ ഖനിയാണ് മാഹി. ജൂനിയർ,​ സീനിയർ താരങ്ങളിലധികവും മാഹിക്കാരാണ്. കുട്ടികളുടെ വിഭാഗങ്ങളിലും താരപ്പെരുമ മാഹിക്ക് അവകാശപ്പെട്ടതാണ്. അത് ലറ്റിക്സിലും ദേശീയതലത്തോളമുയർന്ന പ്രതിഭകൾ ഇവിടെ നിന്നും ഉയർന്നുവരുന്നുണ്ട്. കഴിഞ്ഞ ദിവസം പുതുച്ചേരിയിൽ നടന്ന ദേശീയതല സെലക്ഷനിൽ ഫുട്ബാളിലും ടേബിൾ ടെന്നീസിലും മൂന്നുവീതവും ബാഡ്മിന്റണിൽ രണ്ടും ക്രിക്കറ്റിൽ ഒന്നും വീതം കുട്ടികളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവരുടെയെല്ലാം പരിശീലനകേന്ദ്രമാണ് ഈ സ്റ്റേഡിയം. ഉചിതമായ രീതിയിൽ അറ്റകുറ്റപ്പണി നടത്തി സൗകര്യങ്ങൾ വർദ്ധിപ്പിച്ചില്ലെങ്കിൽ കായികപെരുമയ്ക്ക് തുടർച്ചയുണ്ടാകില്ലെന്നതാണ് പ്രധാന ഭീഷണി.