ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരികടവിലെ ജനവാസമേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു . ഇന്നലെ രാത്രിയാണ് സംഭവം. കൂട്ടുപുഴ പാലത്തുംകടവ് മെയിൻ റോഡിന് സമീപമാണ് ആനകളെത്തി വ്യാപകമായി കൃഷി നശിപ്പിച്ചത്. മൈക്കിൾ ഈറ്റപ്പുറത്ത്, ബിനു പാലുകുന്നേൽ, സാബു താന്നിയിൽ, വർഗീസ് ചിറപ്പാട്ട്, തോമസ് പാലമറ്റം, ബെന്നി ചിറപ്പാട്ട്, വിൽസൺ കുറുപ്പുംപറമ്പിൽ, ജെയ്സൺ മണ്ഡപത്തിൽ തുടങ്ങിയ എട്ടോളം പേരുടെ പുരയിടത്തിലാണ് ആനകൂട്ടം നാശം വിതച്ചത്. പ്രദേശത്ത് നിരന്തരമായി ആനകളുടെ ശല്യം വർദ്ധിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നും ബാരാപ്പോൾ പുഴകടന്ന് എത്തുന്ന ആനക്കൂട്ടമാണ് കേരളത്തിലെ കൃഷി ഇടങ്ങളിൽ നാശം വിതയ്ക്കുന്നത്. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഐസക് ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സെലീന ബിനോയി, ഫിലോമിന മാണി, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.