
കാസർകോട്: കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ ,ജി.യു.പി സ്കൂൾ പരിസരമടക്കം ഉദുമ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളുടെ സ്വസ്ഥത നശിപ്പിച്ച് ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു. മഴയ്ക്ക് പിന്നാലെ പറമ്പുകളിൽ ഒന്നും രണ്ടും ഒച്ചുകളെ കണ്ടുതുടങ്ങിയിടത്ത് ഇപ്പോൾ വീടിന്റെ അകം വരെ ഇഴഞ്ഞെത്തുകയാണ്. വാഴയും പപ്പായയും എന്നുവേണ്ട മിക്ക വിളകളുടേയും ഇലകൾ തിന്ന് കൃഷിക്കാരുടെ പേടിസ്വപ്നമായിരിക്കുകയാണ് ഇവ.
ഈർപ്പുള്ള ഇടങ്ങളിൽ രാവിലെയും സന്ധ്യയ്ക്കുമാണ് ഇവയെ പുറത്തുകാണുന്നത്. ഫലവർഗവിളകൾക്ക് പുറമെ അലങ്കാര ചെടികളും ഇവ തിന്നുതീർക്കുകയാണ്. ഒരു മുഷ്ടിയിൽ കൊള്ളുന്ന വലുപ്പമാണ് വളർച്ചയെത്തിയ ഒച്ചുകൾക്കുള്ളത്. പാലക്കുന്ന്, കോട്ടിക്കുളം ഭാഗങ്ങളിൽ റോഡരികിലും കെട്ടിടത്തിന്റെ ചുമരുകളിലും ഇവയെ കാണാം. അടുക്കളയിലും ടോയ്ലറ്റുകളിലും ഇവ കടന്നുകയറുന്നുണ്ടെന്ന് വീട്ടുകാർ പറയുന്നു.നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൃഷി ഓഫീസർ കെ.നാണുക്കുട്ടൻ ഇന്നലെ സ്ഥലം സന്ദർശിച്ചു.
പരിഹാരം ഇങ്ങനെ
എഴുപത് ഗ്രാം കോപ്പർ സൾഫേറ്റും ( തുരിശ് ) 30 ഗ്രാം പുകയില ചപ്പും പൊടിച്ച് വെള്ളത്തിൽ കലക്കി ഒരു രാത്രി മുഴുവൻ കുതിർത്ത് വച്ചുണ്ടാക്കിയ മിശ്രിതം രാവിലെ സ്പ്രേ ചെയ്താൽ ഇവയെ നശിപ്പിക്കാം.
ഏറ്റവും ഇഷ്ടഭക്ഷണമായ കാബേജ് ഇല വലിയ ഒരു പാത്രത്തിൽ ഇട്ട് കറിയുപ്പ് വിതറി വീട്ട് പരിസരങ്ങളിൽ വച്ചാൽ അതിൽ കയറി ഇവ സ്വയം നശിക്കും
ഹോമിയോ ഗുളികയുടെ രൂപത്തിൽ അനേകം മുട്ടകളിടുന്ന ജീവിയാണിത്. ഇതിന്റെ സ്രവം ദേഹത്ത് തട്ടാതെ ശ്രദ്ധിക്കണം- കെ. നാണുകുട്ടൻ (ഉദുമ കൃഷി ഭവൻ ഓഫീസർ)
വിറപ്പിക്കുന്ന ഭീകരൻ
ലോകത്തെ പ്രധാനപ്പെട്ട നൂറ് അക്രമി ജീവിവർഗങ്ങളിൽപ്പെട്ട ഭീമൻ ആഫ്രിക്കൻ ഒച്ച് കാർഷികലോകത്തെ വിറപ്പിക്കാൻ മഴക്കാലത്താണെത്തുക. അക്കാറ്റിന ഫുലിക്കശാസ്ത്ര നാമം എന്നതാണ് ശാസ്ത്രീയനാമം.
വിളകളടക്കമുള്ള വിവിധ സസ്യങ്ങളെ മുച്ചൂടും തിന്നു നശിപ്പിക്കുക മാത്രമല്ല, കുടിവെള്ള സ്രോതസ്സുകൾ, വീടുകളിലെ താരതമ്യേന തണുപ്പും ജലാംശവുമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കൂട്ടമായെത്തി കാഷ്ഠവും സ്രവവും കൊണ്ട് മലിനമാക്കുകയും ചെയ്യും. ചത്ത ഒച്ചുകൾ ചീയുമ്പോൾ അസഹ്യമായ ദുർഗന്ധമുണ്ടാകും. കാർഷികലോകത്തിനും പരിസ്ഥിതിക്കും ഇവയേൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്.
മൂന്നുവർഷം വരെ ഉറങ്ങും
1847ൽ പശ്ചിമ ബംഗാളിലാണ് ഇന്ത്യയിലാദ്യമായി ഇവയെ കണ്ടുതുടങ്ങിയത്. 1970കളിൽ പാലക്കാട്ടെത്തി. 2005 മുതലാണ് കേരളത്തിലങ്ങോളമിങ്ങോളം ഈ ഒച്ചുകളെ കണ്ടുതുടങ്ങിയത്. ആറുമുതൽ 10 വർഷംവരെ ജീവിച്ചിരിക്കും. പൂർണ വളർച്ചയെത്തുമ്പോൾ 20 സെന്റീമീറ്റർവരെ വലുപ്പവും 250 ഗ്രാം തൂക്കവുമുണ്ടാകും. അമിതമായ ചൂടും തണുപ്പും അനുഭവപ്പെടുന്ന അവസരത്തിൽ ഇവ മണ്ണിനുള്ളിൽ 1015 സെന്റീമീറ്റർ താഴ്ചയിൽ കുഴിയുണ്ടാക്കി ദീർഘസുഷുപ്തിയിലാണ്ട് കാലാവസ്ഥയെ അതിജീവിക്കും.അനുകൂല കാലാവസ്ഥയിൽ ഒരു വർഷത്തിനുള്ളിൽ ഒരു ഒച്ച് നാലു പ്രാവശ്യമായി 1200 മുട്ടവരെ ഇടും.