
അദാലത്തിലെത്തിയത് 1500 പരാതികൾ
കണ്ണൂർ: അധിക ഫ്‌ളോർ ഏരിയ റേഷ്യോ (എഫ്.എ.ആർ) ഫീസടച്ച് പെർമിറ്റ് നേടി നിർമ്മിച്ച കെട്ടിടം നിർമ്മാണ ശേഷം നിശ്ചിത എഫ്.എ.ആർ പരിധിയിലാണെങ്കിൽ വാങ്ങിയ അധിക ഫീസ് തിരികെ നൽകണമെന്ന നിർണായക നിർദ്ദേശവുമായി തദ്ദേശസ്വയംഭരണവകുപ്പ്. മുണ്ടയാട് ഇന്റോർ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന തദ്ദേശ അദാലത്തിൽ മന്ത്രി എം.ബി.രാജേഷാണ് ചട്ടഭേദഗതിക്ക് നിർദ്ദേശം നൽകിയത്.
എഫ്.എ.ആർ സംബന്ധിച്ച് സർക്കാർ കൊണ്ടുവരാൻ തീരുമാനിച്ച ചട്ടഭേദഗതിയിൽ ഈ കാര്യം കൂടി ഉൾപ്പെടുത്തും.നിശ്ചയിച്ച എഫ്.എ .ആർ പാലിക്കാൻ കഴിയാത്ത കെട്ടിടങ്ങൾക്കാണ് പ്രത്യേക ഫീസടച്ച് ഇളവ് നൽകാൻ നിയമമുള്ളത്. ഈ ഫീസടച്ച് കെട്ടിടം പൂർത്തിയായ ശേഷം എഫ്.എ.ആർ നിശ്ചിത പരിധിക്ക് അകത്താണെങ്കിൽ അധിക ഫീസ് തിരികെ നൽകാനാണ് മന്ത്രി നിർദേശിച്ചത്.കണ്ണൂർ സ്വദേശി മുഹമ്മദ് മുനീർ നൽകിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ഈ തീരുമാനത്തിന്റെ ഗുണം സംസ്ഥാനത്തെ നിരവധി പേർക്ക് ലഭിക്കും. നേരത്തെ നിർമ്മാണം നടക്കാതെ ഉപേക്ഷിക്കപ്പെട്ടാൽ ഈടാക്കിയ അധിക എഫ്.എ.ആർ ഫീസ് തിരിച്ചുനൽകാൻ എറണാകുളം തദ്ദേശ അദാലത്തിൽ തീരുമാനിച്ചിരുന്നു. ഈ രണ്ട് കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് സർക്കാർ ചട്ടഭേദഗതി കൊണ്ടുവരും.
അദാലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, ഡോ.വി ശിവദാസൻ എം.പി, എം.എൽ.എമാരായ കെ.വി.സുമേഷ്, കെ.പി.മോഹനൻ, എം.വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷൽ സെക്രട്ടറി ടി.വി.അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവറാവു, റൂറൽ ഡയറക്ടർ ഡോ.ദിനേശൻ ചെറുവാട്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർമാൻ വി.കെ.സരേഷ്ബാബു, കേരള മുനിസിപ്പൽ ചെയർമാൻസ് ചേംബർ എക്സിക്യൂട്ടീവ് അംഗം പി.മുകുന്ദൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സെക്രട്ടറി സി എം.കൃഷ്ണൻ, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.പി.ഷാജിർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ശ്രീധരൻ, കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന മൊയ്തീൻ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ സറീന എ റഹ്മാൻ, എ.ഡി.എം കെ.നവീൻബാബു, ചീഫ് ടൗൺ പ്ലാനർ ഷിജി ഇ.ചന്ദ്രൻ, എൽ.എച്ച്.ഡി ചീഫ് എൻജിനീയർ കെ.ജി. സന്ദീപ് എന്നിവർ സംസാരിച്ചു.
സെറിബ്രൽ പാൾസി ബാധിച്ച കുട്ടികൾക്ക് ഡയപ്പർ വാങ്ങാൻ സഹായം
സ്കൂളിലേക്ക് പോകുന്ന സെറിബ്രൽ പാൾസി ബാധിച്ച കുട്ടികൾക്ക് ഡയപ്പർ വാങ്ങാൻ തദ്ദേശ സ്ഥാപനത്തിന് സഹായം നൽകാമെന്നും അദാലത്ത് തീരുമാനമെടുത്തു. ഇതിനായി തനത് ഫണ്ടോ സ്‌പോൺസർഷിപ്പോ പരിഗണിക്കാം. ഇക്കാര്യം പദ്ധതി മാർഗരേഖയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.കണ്ണാടിപ്പറമ്പിലെ എം അഷിൻ സെറിബ്രൽ പാൾസി ബാധിച്ച സഹോദരിയ്ക്കായി നൽകിയ പരാതിയിലാണ് മന്ത്രി സുപ്രധാന നിർദ്ദേശം നൽകിയത്.സംസ്ഥാനത്ത് രോഗബാധിതരായ കുട്ടികൾക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനമായി ഇത്.
അദാലത്തിൽ
ആകെ പരാതികൾ 1550
തീർപ്പായത് 1256
അനുകൂല തീരുമാനം 1104
തുടർപരിശോധന വേണ്ടത് 294
മുൻകൂർ ലഭിച്ച പരാതികൾ 1188
തള്ളിയത് 152
അദാലത്ത് ദിവസം ലഭിച്ചത് 362
തീർപ്പായത് 68
തുടർപരിശോധനയ്ക്ക് 294
വ്യക്തികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിരവധി സുപ്രധാനമായ പൊതുതീരുമാനങ്ങൾ അദാലത്തിൽനിന്നുണ്ടായി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വസ്തുനികുതി, വാടക കുടിശ്ശികയ്ക്ക് കൂട്ടുപലിശ ഈടാക്കുന്നത് ഒഴിവാക്കിയ തീരുമാനം എടുത്തത് അദാലത്തിൽ വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്. ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ ജീവിത പ്രയാസങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള തീരുമാനങ്ങൾ കൂടി അദാലത്തിൽ എടുത്തു.
മന്ത്രി ,എം .ബി .രാജേഷ്