photo-1-

കണ്ണൂർ:സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പ്പന്നങ്ങൾ വിതരണം ചെയ്യാൻ ആരംഭിച്ച ഇ-കൊമേഴ്സ് പോർട്ടലായ കെ-ഷോപ്പിന് (www.kshoppe.in) മികച്ച പ്രതികരണം.ഈ ആപ്ലിക്കേഷൻ പ്രവർത്തനക്ഷമമായതിന് ശേഷമുള്ള ആദ്യ 72 മണിക്കൂറിൽ തന്നെ 800ലധികം ഉപഭോക്താക്കൾ സൈനപ്പ് ചെയ്ത് 75 സാധനങ്ങൾക്ക് ഓർഡർ ലഭിച്ചു. ഓണം അടുക്കാനിരിക്കെ ഇനിയും കൂടുതൽ ഉപഭോക്താക്കളെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ .

ഓണം സീസണിൽ ആകർഷകമായ കിഴിവുകളും ഓഫറുകളും അവതരിപ്പിക്കാനുള്ള പദ്ധതി കെ.ഷോപ്പിനുണ്ട്.കഴിഞ്ഞ ആഴ്ച്ചയാണ് ആപ്ലിക്കേഷൻ ആരംഭിച്ചത്.

തേങ്ങാപാൽ മുതൽ ആറന്മുളം കണ്ണാടി വരെ പോർട്ടിൽ ലഭ്യമാണ്.പാക്ക് ചെയ്ത ഭക്ഷണസാധനങ്ങൾ,ഗൃഹാലങ്കാരവസ്തുക്കൾ,സൗന്ദര്യ വർദ്ധക-സംരക്ഷണ ഉത്പ്പന്നങ്ങൾ,വസ്ത്രങ്ങൾ,ഇലക്ടോണിക്സ് ഉൽപ്പന്നങ്ങൾ,കാർഷിക ഉൽപ്പന്നങ്ങൾ,ഹൗസ് ക്ലീന്ങ് ഉൽപ്പന്നങ്ങൾ,നിർമ്മാണ സാമഗ്രികകൾ തുടങ്ങിയവ ലഭ്യമാണ്.ഓർഡർ ചെയ്ത് പത്തുദിവസത്തിനുള്ളിൽ ഉത്പന്നങ്ങൾ ലഭിക്കും.നിലവിൽ രാജ്യത്ത് എവിടയും കെ-ഷോപ്പിയിലൂടെ ഉത്പ്പന്നങ്ങൾ ലഭ്യമാകും.അടുത്തഘട്ടമായി രാജ്യത്തിനു പുറത്തേക്കും വ്യാപിക്കും.

ബോർഡ് ഫോർ പബ്ലിക്ക് സെക്ടർ ട്രാൻസ്‌ഫോർമേഷന്റെ (ബി.പി.ടി) മേൽനോട്ടത്തിൽ കെൽട്രോണിന്റെ സഹായത്തോടെ ഏകദേശം 30 ലക്ഷം രൂപ ചിലവിലാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ മൊബൈൽ ആപ്പായി ലഭിക്കുന്ന രീതിയിൽ കെ-ഷോപ്പ് തയ്യാറാക്കിയിരിക്കുന്നത്.നിലവിൽ,ഒരേസമയം 2000 സന്ദർശകരെ കൈകാര്യം ചെയ്യാനുള്ള ശേഷി പോർട്ടലിനുണ്ട്.സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി സെർട്ട്-ഇൻ ഏജൻസി ആപ്പുമായി ഓഡിറ്റ് ചെയ്തിട്ടുണ്ട്.കെ-ഷോപ്പിന്റെ പേയ്‌മെന്റ് ഗേറ്റ വേ സേവനം നൽകുന്നത് പഞ്ചാബ് നാഷണൽ ബാങ്കാണ്. പോസ്റ്റൽ സർവ്വീസും ഡെലിവറിയിൽ പങ്കാളിയാണ്.നിലവിൽ 35 കിലോ വരെ ഭാര പരിധിയുള്ള ഉൽപ്പന്നങ്ങളാണ് കൊറിയർ ചെയ്യുന്നത്.

പ്രിയം ഭക്ഷ്യവസ്തുക്കൾക്ക്

പ്രധാനമായും ഭക്ഷണ സാധനങ്ങൾക്കും കാർഷിക ഉത്പ്പന്നങ്ങൾക്കുമാണ് കെ ഷോപ്പിയിൽ കൂടുതൽ ആവശ്യക്കാരുള്ളത്.പായ്ക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കൾ മുതൽ വസ്ത്രങ്ങൾ ,കാർഷിക ഉൽപ്പന്നങ്ങൾ വരെയുള്ള 19 പൊതുമേഖലാ സ്ഥാപനങ്ങളുടെ 380 ഓളം ഉത്പ്പന്നങ്ങളാണ് ലഭ്യമാകുന്നത്.വരും ദിവസങ്ങളിൽ ഉത്പ്പന്നങ്ങളുടെ ലിസ്റ്റ് വർദ്ധിക്കും. ആമസോൺ,ഫ്ലിപ്പ്കാർട്ട്,സൊമാറ്റൊ മുതലായ സൈറ്റുകളെ ആശ്രയിക്കുന്ന ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി നേരത്തെ സംസ്ഥാനത്ത് നിന്നുള്ള നിരവധി ബോർഡുകളും,വ്യാപാരി സംഘടനകളും ഓണൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചിട്ടുണ്ട്.എന്നാൽ ഇത്തരം പ്ലാറ്റ്‌ഫോമുകൾക്ക് വൈവിധ്യമാർന്ന ഉത്പ്പന്നങ്ങളോ സേവനങ്ങളോ നൽകാൻ കഴിഞ്ഞിരുന്നില്ല.ഇവിടെയാണ് കെ-ഷോപ്പ് വേറിട്ടു നിൽക്കുന്നത്.

കാപെക്സ് മുതൽ കെൽപാം വരെ

നിലവിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം കാപെക്‌സ് കശുവണ്ടി, കയർക്രാഫ്റ്റ്, ഫോം മാറ്റിംഗ്‌സ്, ഹാൻ്റക്‌സ്, കാഡ്‌കോ, കരകൗശല വികസന കോർപ്പറേഷൻ ഓഫ് കേരള, കേരള സ്റ്റേറ്റ് കശുവണ്ടി വികസന കോർപ്പറേഷൻ, കേരള സോപ്‌സ്, കെസിസിപിഎൽ, ഹാൻവീവ്, കെൽട്രോൺ, കേരള സ്റ്റേറ്റ് ടെക്‌സ്റ്റൈൽ കോർപ്പറേഷൻ ,സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്, ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്‌സ് ലിമിറ്റഡ്, കൊക്കോണിക്‌സ്, കെൽ, കെൽപാം.എന്നിവയിൽ നിന്ന് തിരഞ്ഞെടുത്ത ഉത്പ്പന്നങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.