rias

കീഴൂർ ഹാർബറിൽ ചൂണ്ടയിടാനിറങ്ങിയ യുവാവിനെ കാണാതായത് കഴിഞ്ഞ ശനിയാഴ്ച

കാസർകോട്: മേൽപ്പറമ്പ് കീഴൂർ ഹാർബറിൽ ചൂണ്ടയിടുന്നതിനിടെ കാണാതായ ചെമ്മനാട് രണ്ടാംവാർഡ് കല്ലുവളപ്പിലെ കെ മുഹമ്മദ് റിയാസിനെ(40) ഇനിയും കണ്ടെത്താനായില്ല. കഴിഞ്ഞ ശനിയാഴ്ച കാണാതായ റിയാസിനായി തിരച്ചിൽ ഊർജ്ജിതപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഇന്നലെ വൈകിട്ട് ചന്ദ്രഗിരിയിൽ സംസ്ഥാന പാത ഉപരോധിച്ചു.

തിരച്ചിൽ നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറും പൊലീസ് മേധാവിയും നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതെ തുടർന്ന് ഇന്നലെ വൈകിട്ട് കീഴൂർ അഴിമുഖത്തിന് സമീപം നാട്ടുകാർ യോഗം ചേർന്നിരുന്നു. ചൂണ്ടയിടുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണതായിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് വകുപ്പിന്റെ ബോട്ട് അപകടം സംഭവിച്ച ശനിയാഴ്ച രാവിലെ മുതൽ ചന്ദ്രഗിരി പുഴയിലും കീഴൂർ തുറമുഖത്തിന് തെക്കോട്ട് കടലിലും തിരച്ചിൽ നടത്തിയിരുന്നു. തീരദേശ പൊലീസും അഗ്നിശമനസേനയും തിരച്ചിലിൽ സഹായിച്ചു. മേൽപ്പറമ്പ് പൊലീസും അന്വേഷണം നടത്തുന്നുണ്ട്. അപകടത്തിൽ പെട്ട മുഹമ്മദ് റിയാസിനെ കണ്ടെത്താൻ ജില്ലാഭരണകൂടം നേവിയുടെ സഹായം തേടിയിരുന്നു. കൊച്ചിയിൽ നിന്നും നേവിയുടെ ബോട്ട് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല.

സ്കൂട്ടറും ബാഗും ഹാർബറിൽ

ഹാർബറിൽ സ്ഥിരമായി ചൂണ്ടയിടാൻ പോകുന്ന ആളാണ് റിയാസ്. ശനിയാഴ്ച രാവിലെ റിയാസിന്റെ വാഹനം തുറമുഖ റോഡിലേക്ക് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കീഴൂർ കുറുംബ ഭഗവതി ക്ഷേത്രത്തിലെ ക്യാമറയിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു.


മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി

മുഹമ്മദ് റിയാസിനെ കണ്ടെത്താൻ യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ മുഖ്യമന്ത്രിക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.ഇത്രയും ദിവസം പിന്നിട്ടിട്ടും യുവാവിനെ കണ്ടെത്താൻ സാധിക്കാത്തതിൽ അദ്ദേഹത്തിന്റെ കുടുംബവും നാട്ടുകാരും സുഹൃത്തുക്കളും വലിയ വിഷമത്തിലാണ്. സർവ സന്നാഹങ്ങളും ഒരുക്കി തിരച്ചിൽ നടത്താൻ അടിയന്തിര നടപടി ഉണ്ടാവണമെന്നും മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.