മാഹി: പരാതികളുടെ കൂമ്പാരങ്ങളും സമരങ്ങളുടെ വേലിയേറ്റങ്ങളും കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മലയാളി കൂടിയായ പുതിയ ലഫ്: ഗവർണ്ണർ കെ. കൈലാസനാഥൻ നാളെ കാലത്ത് 10.30ന് ചുമതലയേറ്റ ശേഷം ഇതാദ്യമായി മയ്യഴിയിലെത്തും.

മയ്യഴിയിൽ പതിറ്റാണ്ടുകളായി അനുഭവിച്ചു വന്ന റേഷൻ സംവിധാനം നിലച്ചിട്ട് വർഷങ്ങളായി. നൂറു കണക്കിന് കുടുംബങ്ങളുടെ അത്താണിയായിരുന്ന മാഹിയിലെ ഏക പൊതുമേഖലാ വ്യവസായ സ്ഥാപനമായ മാഹി സ്പിന്നിംഗ് മിൽ അടച്ച് പൂട്ടി കിടക്കുന്നു. സർക്കാർ ഓഫീസുകളിൽ മേധാവികളില്ല. വിവിധ ഓഫീസുകളിൽ ഒട്ടേറെ കസേരകൾ ഒഴിഞ്ഞ് കിടക്കുന്നു. ഉള്ളവരിൽ തന്നെ പലരും കൃത്യസമയത്ത് ഓഫീസുകളിലെത്താനോ, പൂർണ സമയ ജോലി ചെയ്യാനോ തയ്യാറാവുന്നില്ല. അഴിമതിയും, കൈക്കൂലിയും എങ്ങും അരങ്ങ് തകർക്കുകയാണ്. ക്രമസമാധാന പാലനത്തിനോ ട്രാഫിക്ക് നിയന്ത്രണത്തിനോ പൊലീസിൽ സേനാബലമില്ല.
ഏതാനും വർഷങ്ങൾക്ക് മുമ്പ് 15,000 ത്തിലേറെ വിദ്യാർത്ഥികൾ പഠിച്ചിരുന്ന മാഹിയിലെ സർക്കാർ വിദ്യലായങ്ങളിൽ മൊത്തം 3500 കുട്ടികൾ മാത്രമേ ഇപ്പോഴുള്ളൂ. കുട്ടികൾ ഇല്ലാത്തതിനാൽ മലയാളക്കരയിലെ തന്നെ ഏക ഫ്രഞ്ച് ഹൈസ്‌കൂളടക്കം മാഹിയിൽ അടച്ച്പൂട്ടൽ ഭീഷണിയിലാണ്. ആവശ്യത്തിന് അദ്ധ്യാപകരില്ല. സ്ഥിരം മേലാദ്ധ്യക്ഷനില്ല. ചീഫ് എഡ്യൂക്കേഷൻ ഓഫീസർക്ക് ഹയർ സെക്കൻഡറി സ്‌കൂളിന്മേൽ അധികാരവുമില്ല. കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകാൻ ആവശ്യമായ ജീവനക്കാർ ഇല്ല.

മാഹി ഗവ. ഹോസ്പിറ്റലിൽ ആവശ്യത്തിന് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരും നഴ്സ്മാരുമൊക്കെയുണ്ടെങ്കിലും താഴെക്കിടയിൽ ആവശ്യത്തിനുള്ള ജീവനക്കാരില്ല. ഡോക്ടർമാരുടെ ജോലി സമയം രാവിലെ 8 മുതൽ 2 മണിവരെയാണെങ്കിലും 12 മണി ആകുമ്പോഴേക്കും പലരും ഹോസ്പിറ്റലിൽ ഉണ്ടാകുന്നില്ല. സ്വന്തം ക്ലിനിക്കിലേക്കോ, സ്വകാര്യ ആശുപത്രിയിലേക്കോ ഉള്ള ഓട്ടമാണ്. അടുത്തിടെ മയ്യഴിയുടെ വർത്തമാന കാല അവസ്ഥ ജനശബ്ദം മാഹിയുടെ ഭാരവാഹികൾ പുതുച്ചേരി രാജ്ഭവനിലെത്തി ലഫ്:. ഗവർണ്ണരെ രേഖാമൂലം അറിയിച്ചിരുന്നു.

കുത്തഴിഞ്ഞ് മാഹി മുനിസിപ്പൽ ഓഫീസ്

മുനിസിപ്പാലിറ്റി ഓഫീസിൽ അവരുടെതായി ഒരു ജീവനക്കാരനുമില്ല. പെൻഷൻ പറ്റിയവരും പൂട്ടപ്പെട്ട മാഹി ബ്ലോക്ക് ഓഫീസിലെ ജീവനക്കാരുമാണ് മുനിസിപ്പാലിറ്റിയിലെ ഓഫീസ് ജോലി നോക്കുന്നത്.

ഇലക്ട്രിസിറ്റി വകുപ്പിന്റെ സ്ഥിതി ഏറെ ശോചനീയം. ഏഴ് എഞ്ചിനീയർമാർ വേണ്ടിടത്ത് രണ്ട് പേർ മാത്രം. ടെക്നിക്കൽ സ്റ്റാഫ് ചെയ്യേണ്ട ജോലി ഐ.ടി.ഐ അപ്പ്രന്റിസിനെ കൊണ്ട് ചെയ്യിക്കുകയാണ്.


മാഹി ഫിഷറീസ് വകുപ്പിൽ ഫിഷറീസ് ഡയറക്ടർ ഇല്ല. ക്ലർക്കും ഇല്ല. ലേബർ ഡിപ്പാർട്‌മെന്റിന് കീഴിലുള്ള വിമൻസ് ലേബർ സെന്ററിൽ പഠിക്കാൻ സ്ത്രീകൾ ഉണ്ട്. ടീച്ചറും ഓഫിസറുമില്ല. സ്ഥാപനം പൂട്ടി


ആർ.ടി.ഒ. ഓഫീസ് ജനങ്ങളെ വട്ടം കറക്കുകയാണ്. തമിഴ്നാട്ടുകാരായ ഉദ്യോഗസ്ഥരിൽ പലരും വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പുതുച്ചേരിക്ക് യാത്രയാകും. തിങ്കളാഴ്ച ഉച്ചക്കേ മടങ്ങിയെത്തുകയുള്ളു