കണ്ണൂർ: ആറളത്തെ ആനമതിൽ നിർമ്മാണം മാർച്ച് മാസത്തോടെ പൂർത്തിയാക്കണമെന്ന് പട്ടിക ജാതി, പട്ടിക വർഗ വകുപ്പ് മന്ത്രി ഒ.ആർ.കേളു നിർദേശിച്ചു. കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പട്ടിക ജാതി, പട്ടിക വർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമായ മരങ്ങൾ മുറിച്ചുമാറ്റാനും മറ്റും ആവശ്യമായ നടപടികൾ വനം, പൊതുമരാമത്ത് വകുപ്പുകളും ടി.ആർ.ഡി.എമ്മും ആറളം ഫാം മാനേജ്‌മെന്റും കൂട്ടായി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആറളം ഫാമിൽ ഹാങ്ങിംഗ് ഫെൻസിംഗ് പദ്ധതി യുടെ സാദ്ധ്യത പരിശോധിക്കാൻ വനം വകുപ്പിന് നിർദേശം നൽകി. ഫാമിനെ ലാഭകരമാക്കാൻ ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാനും പുതിയ വിളകൾ പരീക്ഷിക്കാനും മന്ത്രി നിർേദശിച്ചു.
എല്ലാ നഗറുകളിലും കുടിവെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. എസ്.സി, എസ്.ടി വകുപ്പിലെ പദ്ധതികൾ ഭരണാനുമതി നൽകാൻ വകുപ്പിൽ സംസ്ഥാന തലത്തിൽ പ്രത്യേക സമിതി രൂപീകരിക്കും. അതിനായി പ്രത്യേക ഉത്തരവിറക്കും. ഒരു കോടി വരെയുള്ള പ്രവൃത്തികൾക്ക് ജില്ലാതലത്തിൽ ഭരണാനുമതി നൽകുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ വിദഗ്ധരടങ്ങിയ സമിതിയും രൂപീകരിക്കും. പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ എല്ലാ മാസവും മന്ത്രിയുടെ സാന്നിധ്യത്തിൽ ഓൺലൈൻ യോഗം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷനായി. എം.എൽ.എമാരായ കെ.വി സുമേഷ്, അഡ്വ. സണ്ണി ജോസഫ്, കെ.പി.മോഹനൻ, എം.വിജിൻ, അഡ്വ. സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, ജില്ലാ കളക്ടർ അരുൺ കെ.വിജയൻ, റൂറൽ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാൽ, അസി. കളക്ടർ ഗ്രന്‌ഥേ സായികൃഷ്ണ, എസ്.സി വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.എസ് ശ്രീരേഖ, എസ്.ടി വകുപ്പ് ജോയിന്റ് ഡയറക്ടർ സിന്ധു പരമേഷ് സംസാരിച്ചു.