
കണ്ണൂർ: പതിനൊന്ന് മത്സ്യഗ്രാമങ്ങളിലായുള്ള പന്തീരായിരം മത്സ്യതൊഴിലാളികളുടെ ക്ഷേമത്തിന് നിയോഗിക്കപ്പെട്ട കണ്ണൂർ ജില്ലയിലെ നാല് ഫിഷറീസ് ഓഫീസുകളിലുമായി ഒറ്റ ഓഫീസർ പോലുമില്ല.ഏറ്റവുമൊടുവിൽ കണ്ണൂർ മറൈനിലുണ്ടായിരുന്ന ഓഫീസറെ കൊല്ലത്തേക്ക് സ്ഥലംമാറ്റിയതോടെയാണ് കണ്ണൂർ ഫിഷറീസ് ഓഫീസറില്ലാ ജില്ലയായത്.
കണ്ണൂർ റീജിയനൽ ഫിഷറീസ് ഓഫീസിന് പുറമെ കണ്ണൂർ മറൈൻ, കണ്ണൂർ ഉൾനാടൻ, തലശേരി, പുതിയങ്ങാടി എന്നിവയാണ് ജില്ലയിലെ ഫിഷറീസ് ഓഫീസുകൾ. ഓഫീസർമാരെയും ജീവനക്കാരെയും നിയമിക്കണമെന്ന് വർഷങ്ങളായി അധികൃതരോട് ആവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. നിലവിലുള്ള ജീവനക്കാർക്ക് ജോലി ഭാരം ഇരട്ടിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ.
അതിനിടയിലാണ് കണ്ണൂരിൽ ആകെയുണ്ടായിരുന്ന ഫിഷറിസ് ഓഫീസറെ കൊല്ലത്തേക്ക് സ്ഥലമാറ്റിയത്. നിലവിൽ ജില്ലയിലെ എല്ലാ ഫിഷറീസ് ഓഫീസുകളും ഒറ്റപ്പെട്ട സ്ഥിതിയിലാണ്.
കാസർകോടിന്റെ കൂടി ചുമതലയുള്ള ഒരു റീജിയനൽ ഓഫീസറാണ് ഇപ്പോൾ ജില്ലയിലുള്ളത്. കാസർകോടിന്റെ ചുമതല കൂടിയുള്ളതിനാൽ ഇദ്ദേഹം പലപ്പോഴും കണ്ണൂർ ഓഫിസിൽ ഉണ്ടാകില്ല. ഉദ്യോഗസ്ഥരില്ലാതെ ജില്ലയിൽ മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം നിലച്ച സ്ഥിതിയാണിപ്പോൾ.
കണ്ണൂർ മറൈനിലെ ഫിഷറീസ് ഓഫീസറെ ജില്ലയിൽ നിലനിർത്തുകയും എല്ലാ ഓഫീസുകളിലും ഫിഷറീസ് ഓഫീസർമാരെയും ജീവനക്കാരെയും നിയമിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഫിഷറിസ് വകുപ്പ് മന്ത്രി, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എന്നിവർക്ക് തൊഴിലാളികൾ നിവേദനം നൽകിയിട്ടുണ്ട്.
നട്ടംതിരിഞ്ഞ് മത്സ്യതൊഴിലാളികൾ
പലതരം സർട്ടിഫിക്കറ്റുകൾക്കും ക്ഷേമനിധി ആവശ്യങ്ങൾക്കുമായി ഫിഷറിസ് ഓഫീസുകളിലേക്ക് വരുന്ന നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളാണ് ഇതിന്റെ പ്രയാസവും സാമ്പത്തിക നഷ്ടവും അനുഭവിക്കുന്നത്. ലഭിക്കേണ്ട പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്ന സ്ഥിതിയാണ് ഇവർക്ക്.
കരാർ ജീവനക്കാർ കൊഴിഞ്ഞുപോകുന്നു
കൃത്യമായി ശമ്പളം നൽകാത്തതിനാൽ വകുപ്പിലെ കരാർ ജീവനക്കാർ കൊഴിഞ്ഞു പോകുന്ന സ്ഥിതിയുമുണ്ട്. പുനർഗേഹം പോലുള്ള ബൃഹത് പദ്ധതിയിൽ നിന്നും നിരവധി കരാർ ജീവനക്കാർ ഒഴിഞ്ഞുപോയി. പകരം നിയമനവുണ്ടായിട്ടില്ല.