
പാപ്പിനിശ്ശേരി: കണ്ണൂർ ജില്ലയിലെ പ്രധാന കണ്ടൽ വനമേഖലകളിലൊന്നായ പാപ്പിനിശ്ശേരിയിൽ കണ്ടൽ കാടുകൾ സമൂലനാശത്തിന്റെ വക്കിൽ. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കണ്ടൽകാടുകളാകെ ഉണങ്ങി കൊണ്ടിരിക്കുമ്പോഴും ഇതിന്റെ കാരണം കണ്ടെത്താൻ ഒരു പഠനം പോലും വനംവകുപ്പോ, പരിസ്ഥിതി വകുപ്പോ, പഞ്ചായത്ത് അധികൃതരോ മുതിർന്നിട്ടില്ല.
ഒരു ഭാഗത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി കണ്ടലുകൾ ഇല്ലാതായെങ്കിൽ മറ്റു ഭാഗങ്ങളിൽ വ്യക്തമായ കാരണമില്ലാതെയാണ് ഇവ ഉണങ്ങുന്നത്. ഇതെ രീതിയിൽ പോയാൽ കണ്ടൽ വനമൊന്നാകെ ചുരുങ്ങിയ കാലത്തിനുളളിൽ നാമാവശേഷമാകുമെന്നതാണ് സ്ഥിതി.മൂന്ന് പതിറ്റാണ്ട് മുമ്പു വരെ വളപട്ടണം പുഴയോരത്തുള്ള പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങൾ പൂർണമായി കണ്ടൽ വനമേഖലയും തണ്ണീർ തടങ്ങളും നിറഞ്ഞതായിരുന്നു. അന്നത്തേതിന്റെ മൂന്നിലൊരു ഭാഗമാണ് നിലവിൽ കണ്ടൽവനമുള്ളത്. അവശേഷിച്ച കണ്ടൽ കാടുകളാണ് നിലവിൽ കരിഞ്ഞു കൊണ്ടിരിക്കുന്നത്. പതിനഞ്ച് ഏക്കറോളം പുതിയ പാതക്കിടയിൽ മണ്ണിനടിയിൽ അമർന്നപ്പോൾ മറ്റ് ഭാഗങ്ങളിൽ ഇതിലുമധികം കണ്ടൽ കാടുകൾ ഉണങ്ങി കൊണ്ടിരിക്കുന്നത്.
അലൈൻമെന്റ് മാറി ,കണ്ടലുകളും
ദേശീയ പാത വികസനത്തിന്റെ ഭാഗമായി പാപ്പാനിശ്ശേരിയിൽ അലൈൻമെന്റ് മൂന്നുതവണയാണ് മാറ്റിയത്. ആദ്യ രണ്ട് അലൈൻ മെന്റുകളും പഴയ ദേശീയപാത വഴി നിലവിലുള്ള വളപട്ടണം പാലത്തിന് സമീപത്ത് നിന്നും കിഴക്കോട്ട് തിരിഞ്ഞ് കോട്ടക്കുന്നിൽ പാലം നിർമ്മിക്കുന്ന തരത്തിലായിരുന്നു. എന്നാൽ മൂന്നാം അലൈൻമെന്റിൽ പ്രധാന കണ്ടൽ വന മേഖല വഴിയായി. പാപ്പിനിശ്ശേരി പഞ്ചായത്ത് മുതൽ തുരുത്തി വരെയുള്ള ഒന്നര കിലോമീറ്ററോളം ദൂരത്തിലുണ്ടായിരുന്ന സമ്പുഷ്ടമായ കണ്ടൽ വനങ്ങൾ ഇതോടെ നിലംപൊത്തി. ഇതിന് പുറമെയാണ് പാത കടന്നു പോകുന്ന ഇരു ഭാഗത്തും ഉള്ള പതിനഞ്ച് ഏക്കറിലധികം ഭാഗത്തെ കണ്ടലുകൾ ഉണങ്ങിയത്.
ചെളിയും കോൺക്രീറ്റ് അവശിഷ്ടങ്ങളും തള്ളി
ദേശീയപാതപ്രവൃത്തിയിൽ നിന്നുള്ള ചെളിയും കോൺക്രീറ്റ് അവശിഷ്ടങ്ങളും തള്ളിയതോടെയാണ് പുതിയ പാതയുടെ
ഇരുഭാഗത്തും ഉള്ള കണ്ടൽച്ചെടികൾ ഉണങ്ങിത്തുടങ്ങിയത്. കണ്ടൽ കാടുകൾക്ക് വളരാനുള്ള സ്വാഭാവിക ജൈവാവസ്ഥയല്ല നിലവിൽ ഇവിടെയുള്ളത്. ആറ് വർഷം മുൻപ് പാപ്പിനിശ്ശേരി പഴയങ്ങാടി കെ.എസ്.ടി.പി. റോഡ് നവീകരണസമയത്തു് അവശിഷ്ടങ്ങൾ തള്ളിയ മേഖലയിൽ പിന്നീട് ഒരു കണ്ടൽ ചെടി പോലും കിളിർത്തിട്ടില്ല.സമാനമായ അവസ്ഥയാണ് തുരുത്തി ഭാഗത്തെ കണ്ടൽവനങ്ങളും നേരിടുന്നത്.