കേളകം: കണ്ണൂർ വിമാനത്താവളം മട്ടന്നൂർ - അമ്പായത്തോട് നാലുവരിപ്പാതയുടെ നിർമാണത്തിന്റെ ഭാഗമായി സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനം ഇറങ്ങി. കൊട്ടിയൂർ, കേളകം, കണിച്ചാർ, മണത്തണ,
വെള്ളർവള്ളി, തോലമ്പ്ര, ശിവപുരം, കോളാരി, പഴശ്ശി എന്നീ 9 വില്ലേജുകളിലെ 84.906 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചാണ് ഫോർ വൺ നോട്ടിഫിക്കേഷൻ ഇറക്കിയത്. കോഴിക്കോട് തിക്കോടിയിലെ വികെ കൺസൾട്ടൻസിക്കാണ് പഠനത്തിനുള്ള അനുമതി നൽകിയിട്ടുള്ളത്. മൂന്ന് മാസമാണ് കാലാവധി.
മാനന്തവാടിയിൽ നിന്ന് മട്ടന്നൂരിലെ കണ്ണൂർ വിമാനത്താവളത്തിലേക്കാണ് നാലുവരിപ്പാതയെങ്കിലും കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട് വരെയാണ് 4 വരി പാത നിർമിക്കുക. നഷ്ടപരിഹാരം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളാണ് സാമൂഹികാഘാത പഠനത്തിൽ ഉൾപ്പെടുന്നത്.
നിർദ്ദിഷ്ട മട്ടന്നൂർ -മാനന്തവാടി നാലുവരിപ്പാതയുടെ അതിരുകല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായതിന് ശേഷം കേരള റോഡ് ഫണ്ട് ബോർഡും റവന്യു വകുപ്പും സംയുക്തമായി പരിശോധന പൂർത്തിയാക്കിയിരുന്നു. തുടർന്ന് പുറത്തിറങ്ങേണ്ട ഫോർ വൺ നോട്ടിഫിക്കേഷൻ ഇറങ്ങാൻ വൈകിയതോടെ പാത കടന്നു പോകുന്ന പ്രദേശങ്ങളിലെ സ്ഥലം ഉടമകൾ വലിയ ആശങ്കയിലായിരുന്നു. സ്ഥലം വിൽക്കുന്നതിനും വാങ്ങുന്നതിനും തടസമില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നെങ്കിലും ഫലത്തിൽ കൈമാറ്റം ചെയ്യാൻ കഴിയാതെ വന്നതോടെയാണ് സ്ഥലം ഉടമകൾ പ്രതിസന്ധിയിലായത്.