
കണ്ണൂർ: രണ്ടുവർഷം മുമ്പുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ പ്രഖ്യാപിച്ച ഭിന്നശേഷിക്കാർക്കുള്ള അന്താരാഷ്ട്ര സമ്പൂർണ്ണ പുനരധിവാസഗ്രാമം കണ്ണൂരിൽ എങ്ങുമെത്തിയില്ല. ഒപ്പം പ്രഖ്യാപിച്ച അഞ്ച് നിയോജകമണ്ഡലങ്ങളിൽ സ്ഥലം കണ്ടെത്തുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും പ്രാഥമിക നടപടികളിലേക്ക് പോലും കണ്ണൂർ കടന്നിട്ടില്ല.
ഭൂമി കണ്ടെത്തുന്നതിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് സാമൂഹ്യനീതി വകുപ്പ് അധികൃതർ നൽകുന്ന വിവരം. പുനലൂർ, നിലമ്പൂർ, കാഞ്ഞിരപ്പള്ളി, കാട്ടാക്കട, കണ്ണൂർ, ഗുരുവായൂർ എന്നീ മണ്ഡലങ്ങളിലെ എം.എൽ.എമാരുമായി മന്ത്രി ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു. ഈ പ്രദേശങ്ങളിൽ ഭൂമി കണ്ടെത്തുന്നതിനുള്ള പ്രാഥമിക നടപടികളും ആരംഭിച്ചിരുന്നു. പുനരധിവാസ ഗ്രാമങ്ങളുടെ മാതൃക തയാറാക്കുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ വച്ച് വർക്ക് ഷോപ്പും സംഘടിപ്പിച്ചിരുന്നെങ്കിലും പദ്ധതിയുടെ വേഗത നിലച്ച മട്ടാണ്.ലഭിക്കുന്ന ഭൂമിയുടെ വിസ്തൃതിക്ക് അനുസരിച്ച് മൂന്ന് പുനരധിവാസ ഗ്രാമങ്ങൾ തുടങ്ങാനാണ് തീരുമാനം.
മറ്റ് മണ്ഡലങ്ങളിൽ
പദ്ധതിക്കായി പുനലൂരിൽ കണ്ടെത്തിയ 1.62 ഏക്കർ സ്ഥലം കൈമാറി കിട്ടുന്നതിന് കൊല്ലം ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഇത് നിലവിൽ ലാൻഡ് റവന്യു വകുപ്പിന്റെ പരിഗണനയിൽ.
കാട്ടാക്കടയിൽ കണ്ടെത്തിയ 50 സെന്റ് സ്ഥലം കൈമാറണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ നീതി വകുപ്പ് ഗ്രാമ പഞ്ചായത്ത് കത്ത് നൽകിയിട്ടുണ്ട്. ഈ ഭൂമി ലഭ്യമായാൽ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി തുടർ നടപടി
കാഞ്ഞിരപള്ളി വെള്ളൂരിൽ കണ്ടെത്തിയ 248 സെന്റ് ഭൂമി ലഭ്യമാക്കാൻ റവന്യു വകുപ്പിന് മുന്നിൽ അപേക്ഷ
ആലപ്പുഴ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള 24 സെന്റ് ഭൂമിയ്ക്കായി റവന്യുവകുപ്പിന് അപേക്ഷ
തിരുവനന്തപുരം അഴൂർ വില്ലേജിൽ 2 ഏക്കർ ഭൂമി കൈമാറിക്കിട്ടാൻ അപേക്ഷ നൽകി
മലപ്പുറം കുറുമ്പത്തൂരിൽ അഞ്ച് ഏക്കർ ഭൂമി അനുവദിച്ച് സംസ്ഥാന ലാൻഡ് ബോർഡ് ഉത്തരവ് പുറപ്പെടുവിച്ചു
സേവനങ്ങളെല്ലാം ഒറ്റയിടത്ത്
ഭിന്നശേഷിക്കാരുടെ ജീവിതകാലയളവിൽ ആവശ്യമായി വരുന്ന സേവനങ്ങളെല്ലാം പ്രദാനം ചെയ്യുകയെന്നതാണ് പുനരധിവാസം ഗ്രാമം പദ്ധതിയുടെ ലക്ഷ്യം. കുട്ടികൾക്ക് ആവശ്യമായ വൈദ്യസഹായം, ബഡ്സ് സ്‌കൂൾ, മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പിന്തുണ എന്നിവയും പദ്ധതി ലക്ഷ്യം വയ്ക്കുന്നുണ്ട്. മാതാപിതാക്കളുടെ കാലശേഷം കുട്ടികളുടെ സംരക്ഷണം പദ്ധതിയിൽ ഉൾപെടുത്തും.