scooba

നാവികസേന സ്കൂബാ ഡൈവിംഗ് ടീം ഇന്നും തിരച്ചിൽ തുടരും

കാസർകോട്: കീഴൂർ ഹാർബറിന് സമീപം ചൂണ്ട ഇടുന്നതിനിടെ കാണാതായ ചെമ്മനാട് സ്വദേശി മുഹമ്മദ് റിയാസിനെ കണ്ടെത്താൻ നാവികസേന സ്കൂബാ ഡൈവിംഗ് ടീം ഇന്നും തിരച്ചിൽ തുടരും. ഏരിയൽ സെർച്ച് നടത്താൻ ജില്ലാ കളക്ടറുടെ അഭ്യർത്ഥന മാനിച്ച് കോസ്റ്റ് ഗാർഡും ഇന്ന് കീഴൂരിൽ എത്തും.

ഇന്നലെ ഏഴിമല മുതൽ തലശേരി വരെയും ഏഴിമല മുതൽ കീഴൂർ വരെയും തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിട്ടില്ല. ഫിഷറീസ് വകുപ്പിന്റെ കാസർകോട്ടുള്ള പട്രോൾ ബോട്ട് രാവിലെ കീഴൂർ അഴിമുഖത്തു നിന്നും ഏഴിമല ഭാഗത്തേക്കും കണ്ണൂർ ജില്ലയിലെ ഫിഷറീസിന്റെ പട്രോൾ ബോട്ട് എഴിമല ഭാഗത്തു നിന്നും തലശ്ശേരി ഭാഗത്തേക്കും തിരച്ചിൽ നടത്തി. തിരച്ചിലിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

തിരച്ചിലിനിടയിൽ ഓരോയിടത്തും ഉള്ള ബോട്ടുകളിലേക്കും മത്സ്യത്തൊഴിലാളികൾക്കും വയർലസ് വഴി നിർദേശം നൽകിയിരുന്നു. ബുധനാഴ്ച രാവിലെ മുതൽ ഉഡുപ്പിയിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപ്പെയും സംഘവും മണിക്കൂറുകളോളം കടലിൽ തിരച്ചിൽ നടത്തിയിരുന്നു. കഴിഞ്ഞ 31 ന് രാവിലെയാണ് മുഹമ്മദ് റിയാസ് കടലിൽ വീണത്. തലേന്ന് രാത്രി 11 മണി വരെ യുവാവിന്റെ മൊബൈൽ ഫോൺ പ്രവർത്തിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.