പാനൂർ: നഗരത്തിൽ വ്യാപാരിക്കും, ഡ്രൈവർക്കും മർദ്ദനം. നേരത്തെ ടൗണിലെ നെല്ലൂർ ടെക്സ്റ്റൈൽസ് ഏറ്റെടുത്ത് നടത്തിയിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി ഹാരിസിനും ലോറി ഡ്രൈവർ സുഷാഗിനുമാണ് മർദ്ദനമേറ്റത്. കട ഒഴിവാക്കി തെക്കേ പാനൂരിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന തുണിത്തരങ്ങൾ കൊണ്ടു പോകാനായി ലോറിയിൽ കയറ്റുന്നതിനിടെ ബി.എം.എസ് പ്രവർത്തകരായ ബിനീഷ്, രതീഷ് എന്നിവരെത്തി തടയുകയും ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.

ലോഡ് കയറ്റാനെത്തിയതാണ് ലോറി ഡ്രൈവർ സുഷാഗ്. സമീപത്ത് നിർത്തിയിട്ട ഇന്നോവ വാഹനത്തിനും കേടുപാടുണ്ടായി. ലോഡ് കയറ്റാൻ ഹാരിസിനെ സഹായിക്കാനെത്തിയവർക്കും മർദ്ദനമേറ്റതായി പറയുന്നു. ഡ്രൈവർ സുഷാഗിന്റെ പരാതിയിൽ പാനൂർ പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

വ്യവസ്ഥ ലംഘിച്ചു കൊണ്ട് ചില വ്യാപാരികൾ രാത്രിയിൽ നടത്തുന്ന കയറ്റിറക്ക് പ്രവൃത്തികളാണ് തൊഴിൽ മേഖലയിൽ ഇങ്ങനെയുള്ള സംഘർഷം ഉണ്ടാകാൻ കാരണമെന്ന് ബി.എം.എസ് പാനൂർ മേഖലാ കമ്മിറ്റി പ്രസിഡന്റ് വി.കെ.രവീന്ദ്രൻ അറിയിച്ചു. കയറ്റിറക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വ്യാപാരി സംഘടനകളും തൊഴിലാളി സംഘടനയും ചർച്ചചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് കയറ്റിറക്ക് എന്ന് പാനൂർ ടൗണിലെ ചുമട്ട് തൊഴിലാളികളും വ്യാപാരികളും തമ്മിൽ ഉണ്ടാക്കിയ ധാരണയാണ്.