മാഹി: മലയാളിയായ പോണ്ടിച്ചേരിയുടെ പുതിയ ലഫ്. ഗവർണ്ണർ കെ.കൈലാസനാഥൻ ഇന്നലെ കാലത്ത് മയ്യഴിയിലെത്തി. പാതിവഴിയിൽ നിലച്ചുപോയ മത്സ്യബന്ധന തുറമുഖം, പുഴയോര നടപ്പാത, ട്രോമ കെയർ യൂണിറ്റ്, ബൈപാസ് റോഡ് എന്നിവയ്ക്ക് പുറമെ മുൻകൂട്ടി നിശ്ചയിക്കാതെ പോണ്ടിച്ചേരി യൂണിവേഴ്സിറ്റി സെന്റർ, ആയുർവേദ മെഡിക്കൽ കോളേജ് എന്നിവയും ഗവർണ്ണർ സന്ദർശിച്ചു. കാര്യങ്ങൾ വകുപ്പ് മേധാവികളോട് വിശദമായി ചോദിച്ചറിഞ്ഞു.
സർവീസ് വ്യക്തിഗത പരാതികളൊന്നും സ്വീകരിക്കാതിരുന്ന ഗവർണ്ണർ, പ്രമുഖ രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതാക്കളിൽ നിന്നും പരാതികൾ സ്വീകരിച്ചു. ഇതിന് മുൻപ് പലപ്പോഴും ഗവർണ്ണർമാർ മാഹിയിൽ വരുന്നതും സർക്കാർ പരിപാടികളിൽ പങ്കെടുത്ത് തിരിച്ചു പോകുന്നതും മാഹിയിലെ പൊതുജനങ്ങൾ പലപ്പോഴും അവർ തിരിച്ചു പോയ ശേഷമേ അറിയാറുള്ളൂ. സർക്കാർ തല പരിപാടികളിൽ പങ്കെടുക്കുന്ന ഈ ഭരണാ ധികാരികൾ പൊതുജനങ്ങളുമായി മുഖാമുഖം കാണാനോ പരാതികൾ സ്വീകരിക്കാനോ സമയം കണ്ടെത്താറുമില്ല.
സംസ്ഥാന ഭരണ കേന്ദ്രവും ഭരണാധികാരികളും മാഹിയിൽ നിന്നും എഴുന്നൂറ് കിലോമീറ്റർ അകലെ തലസ്ഥാനമായ പോണ്ടിച്ചേരിയിലാണ്. മാഹിയിൽ നിന്നും മന്ത്രിസഭയിൽ പ്രതിനിധിയില്ല. മാഹിയിൽ നിന്നുള്ള ഏക എം.എൽ.എ പ്രതിപക്ഷത്തുമാണ്. പ്രാദേശിക ഭരണം നടത്തുന്ന മുൻസിപ്പൽ തിരഞ്ഞെടുപ്പ് നടന്നിട്ട് പ തിറ്റാണ്ടുകൾ കഴിഞ്ഞു. ഉദ്യോഗസ്ഥൻമാരിൽ പ്രധാനപ്പെട്ടവരെല്ലാം മലയാളം അറിയാത്ത തമിഴ് സംസാരിക്കുന്നവരുമാണ്. ഇവരിൽ അധിക പേരും ആഴ്ചയിൽ അവധി ദിവസത്തോട് ചേർന്ന് ഒന്നോ രണ്ടോ ദിവസം കൂടി ലീവ് എടുത്ത് പോണ്ടിച്ചേരിയിലായിരിക്കും. മാഹിയിലും പോ ണ്ടിച്ചേരിയിലും കൂടി ഒരു ആർ.ടി.ഒ മാത്രമേയുള്ളൂ.
മാഹിയിൽ റേഷൻ വിതരണ സംവിധാനം മുടങ്ങിയിട്ട് വർഷങ്ങളായി. റേഷന് പകരം വല്ലപ്പോഴും കിട്ടികൊണ്ടിരിക്കുന്ന സംഖ്യയും കൃത്യമായി കിട്ടുന്നില്ല. ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന ഇത്തരം പരാതികളുടെ ഭാണ്ഡം തന്നെ രാഷ്ട്രീയ പാർട്ടികളും, സാമൂഹ്യ സംഘടനകളും പുതിയ ഗവർണ്ണരുടെ മുമ്പിൽ സമർപ്പിച്ചു.
അടുത്തിടെ ജനശബ്ദം മാഹി പ്രതിനിധി സംഘം പുതുച്ചേരി രാജ്ഭവനിലെത്തി മയ്യഴിയുടെ വികസന മുരടിപ്പിനെ സംബന്ധിച്ച് രേഖാ സഹിതം കൂടിക്കാഴ്ച നടത്തിയിരുന്നു. ഗവർണ്ണർ മയ്യഴിക്കടുത്ത വടകര സ്വദേശിയായത് കൊണ്ട് മയ്യഴിക്കാർ വലിയ പ്രതീക്ഷയിലാണുള്ളത്.