kunnoth-seminari

ഇരിട്ടി : സീറോ മലബാർ സഭയുടെ മലബാറിലെ വൈദിക പരിശീലന കേന്ദ്രമായ കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ രജത ജൂബിലി ആഘോഷത്തിന് തുടക്കമായി. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു.തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാപ്ളാനി അദ്ധ്യക്ഷത വഹിച്ചു. കുന്നോത്ത് ഗുഡ് ഷെപ്പേഡ് മേജർ സെമിനാരിയിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം വിവിധ എൻഡോവ്‌മെന്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ സെമിനാരിയുടെ ചരിത്രം ഉൾകൊള്ളുന്ന ഡോക്യൂമെന്ററിയുടെ സ്വുച്ച് ഓൺ കർമ്മം നിർവഹിച്ചു .ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി റെക്ടർ ഫാ.ജേക്കബ് ചാണിക്കുഴി. നസ്രത്ത് സന്യാസിനി സമൂഹം മദർ ജനറൽ സിസ്റ്റർ ജസീന്ത, ഡീക്കൻ മാത്യു തെരുവൻകന്നേൽ എന്നിവർ പ്രസംഗിച്ചു. സെമിനാരി അങ്കണത്തിൽ മാർ റാഫേൽ തട്ടിൽ ജൂബിലി മരം നട്ടു. ഉദ്ഘാടന ചടങ്ങുകൾക്കായി എത്തിയ മേജർ ആർച്ച് ബിഷപ്പിനും വിശിഷ്ടാതിഥികൾക്കും സ്വീകരണം നൽകി. മേജർ ആർച്ച് ബിഷപ്പിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ ബലിയർപ്പിച്ചു. തലശ്ശേരി അതിരൂപത ആസ്ഥാനത്തു നിന്നും വിവിധ സന്യാസിനി സമൂഹങ്ങളിൽ നിന്നും സമീപ ഇടവകകളിൽ നിന്നുമുള്ള വൈദീകർ, സിസ്റ്റേഴ്സ്, വിശ്വാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.വിവിധ കലാപരിപാടികളും അരങ്ങേറി. ഫാ. ആന്റണി കുറ്റിക്കാടൻ ,ഫാ. മാത്യു പട്ടമന ,ഫാ. അബ്രാഹം നെല്ലിക്കൽ , ഫാ. ജോർജ് കുഴിപ്പള്ളിൽ ,ഫാ. ജോർജ് കൂടപ്പുഴ ,ഫാ. തോമസ് കല്ലുപുര, ഡീക്കന്മാരായ ബെൽഫിൻ ,ആൽബിൻ,ഷോൺ ,തുടങ്ങിയവർ നേതൃത്വം നൽകി .

പരിശീലനം പരിവർത്തനത്തിലേക്ക് നയിക്കണം: മാർ റാഫേൽ തട്ടിൽ

ഇരിട്ടി: കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ നല്ല ഇടയന്റെ മാനഭാവമുള്ള വൈദികനെ രൂപപ്പെടുത്താനും ഉതകുന്ന പരിവർത്തനത്തിന്റെ പരിശീലനമാണ് സെമിനാരികളിൽ നടത്തേണ്ടത് എന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ഓരോ വൈദികനും മറ്റൊരു ക്രിസ്തു തന്നെ ആകണമെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു.