
കണ്ണൂർ : പി.വി അൻവറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രിയുടെ ചിത്രം വാഴയോട് ചേർത്തുകെട്ടിയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്.
ഡി.സി.സി ഓഫിസിൽ നിന്ന് പതിനൊന്നരയോടെ തുടങ്ങിയ മാർച്ച് ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് മാർച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് , സംസ്ഥാന സെക്രട്ടറി മുഹ്സിൻ കാതിയോട്, ഡി.സി സി വൈസ് പ്രസിഡന്റ് സുദീപ് ജയിംസ് , മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, ജില്ലാ വൈസ് പ്രസിഡന്റ് അശ്വിൻ സുധാകർ, കല്ല്യാശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് പി.പി.രാഹുൽ, ഷുഹൈബ് തലശ്ശേരി, രഗിൻ, സനീഷ് അടുവാപ്പുറം തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. .
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അദ്ധ്യക്ഷത വഹിച്ചു.മാർച്ചിന് കെ.പി.സി.സി മെമ്പർ റിജിൽ മാക്കുറ്റി,ജോഷി കണ്ടത്തിൽ, റോബർട്ട് വെള്ളാർവള്ളി, റിൻസ് മാനുവൽ, സുധീഷ് വെള്ളച്ചാൽ,മഹിത മോഹൻ, മിഥുൻ മാറോളി,ഐബിൻ ജേക്കബ്, സൗമ്യ എൻ, നിധിൻ കോമത്ത്, പ്രിൻസ് ജോർജ്, നിധിൻ നടുവനാട്, രാഹുൽ ചേരുവഞ്ചേരി എന്നിവർ നേതൃത്വം നൽകി.