കാസർകോട്: പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗമേഖലയിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്കു തടയുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കുമെന്ന് പട്ടികജാതി, പട്ടികവർഗ്ഗ വികസന, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു വാർത്താസമ്മേളനത്തിൽ പറഞ്ഞു. വകുപ്പുകളുടെ ജില്ലാതല അവലോകന യോഗത്തിന് എത്തിയതായിരുന്നു മന്ത്രി.
കാസർകോട് ജില്ലയിൽ പട്ടികവർഗ്ഗ പട്ടികജാതി മേഖലകളിലെ വിദ്യാർത്ഥികൾ സ്‌കൂളുകളിൽ നിന്ന് കൊഴിഞ്ഞു പോകുന്നത് പരിശോധിക്കാൻ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്.സി എസ്.ടി പ്രമോട്ടർമാർ വീടുകൾ സന്ദർശിച്ച് കുട്ടികൾ കൊഴിഞ്ഞു പോകുന്നതിന്റെ കാരണം പരിശോധിച്ച് റിപ്പോർട്ട് നൽകാനും നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു. പ്രമോട്ടർമാർ ആഴ്ചയിൽ നാലുദിവസം കോളനികൾ സന്ദർശിക്കണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
തിങ്കൾ, വെള്ളി ദിവസങ്ങളിൽ ഓഫീസുകളിൽ എത്തിയാൽ മതി. കാസർകോട് ജില്ലയിൽ പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ മേഖലയിൽ നടക്കുന്ന വികസനം ക്ഷേമ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും നിർദ്ദേശം നൽകി. എല്ലാ മാസവും ജില്ലാതല അവലോകന യോഗം മന്ത്രിയുടെ സാന്നിധ്യത്തിൽ ഓൺലൈനായി ചേരുമെന്നും പദ്ധതികൾ കൃത്യമായി വിലയിരുത്തും. ജില്ലയിൽ പണിപൂർത്തീകരിച്ച കെട്ടിടങ്ങൾ സർക്കാറിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി തുറന്നുകൊടുക്കും. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് അല്ല നിർമ്മിച്ച കെട്ടിടങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനാണ് മുൻഗണന നൽകുന്നത് എന്ന് മന്ത്രി അറിയിച്ചു.
എം.രാജഗോപാലൻ എം.എൽ.എ, ജില്ലാ കളക്ടർ കെ. ഇമ്പശേഖർ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
എല്ലാവർക്കും ഭൂമി, എല്ലാവർക്കും രേഖ
ഭൂരഹിത ഭവനരഹിത പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക കുടുംബങ്ങൾക്ക് എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്ന സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി രേഖകൾ ലഭ്യമാക്കണം. പ്രമോട്ടർമാർ മുഖേന ഭൂമിക്ക് രേഖയില്ലാത്ത മുഴുവൻ ആളുകൾക്കും വില്ലേജ് ഓഫീസിൽ അപേക്ഷ നൽകാൻ നടപടി സ്വീകരിക്കും.ഉന്നത വിദ്യാഭ്യാസ മേഖലയിലും പി.എസ്.സി പരിശീലനത്തിനും പ്രത്യേക കോച്ചിംഗ് സെന്റർ ആരംഭിക്കും. സാമൂഹിക പഠനം മുറികൾ കേന്ദ്രീകരിച്ചാണ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുക. ഇതിന്റെ ഹെഡ് ഓഫീസ് അംബേദ്കർ ഭവനിൽ പ്രവർത്തിക്കും. ഓൺലൈനായി പരിശീലനം നൽകും. എല്ലാ കോളനികളിലും കുടിവെള്ളം വൈദ്യുതി ഗതാഗത സൗകര്യം എന്നിവ ഉറപ്പു വരുത്തുമെന്നും മന്ത്രി അറിയിച്ചു.