
അക്രമികളെത്തിയത് കറുത്ത കാറിൽ
ചക്കരക്കൽ: ബാങ്കിൽ പണയം വച്ച ഭാര്യയുടെ സ്വർണമെടുക്കാൻ പണവുമായി ബംഗളൂരുവിൽ നിന്നെത്തിയ യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയി ഒൻപത് ലക്ഷവും ഫോണും കവർന്ന സംഭവത്തിൽ അന്വേഷണം ബംഗളൂരുവിലേക്ക്. ബംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസിൽ ഏച്ചൂർ കമാൽ പീടികയിൽ വന്നിറങ്ങിയ കുയ്യാൽ അമ്പലം റോഡ് സ്വദേശി പി.പി.റഫീഖിനെ (44) കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട് ഊർജ്ജിതമായ അന്വേഷണമാണ് നടക്കുന്നത്.
ബംഗളൂരിൽ ബേക്കറി നടത്തുന്ന റഫീഖ് പണവുമായി നാട്ടിലേക്ക് തിരിച്ച വിവരം അറിയുന്ന ആൾക്ക് കൊള്ളയുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. റഫീഖിന്റെ കടയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ചിലരെയും ബംഗളൂരുവിലെ പരിചയക്കാരെയും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.
കാറിന്റെ സി.സി ടി.വി ദൃശ്യം ലഭിച്ചു
ഇതിനിടെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കുടുക്കിമൊട്ട ഭാഗത്ത് നിന്നും കറുത്ത കാറിലാണ് അക്രമിസംഘം എത്തിയതെന്നു സൂചന ലഭിച്ചു. റഫീഖ് ബസിറങ്ങിയതിനു തൊട്ടു പിന്നാലെ അക്രമി സംഘം സ്ഥലത്തെത്തിയതിനു പിന്നിൽ കൃത്യമായ ആസൂത്രിത നീക്കമാണെന്ന് പൊലീസിന്റെ നിഗമനം. മുഖംമൂടിസംഘം കാറിൽ തട്ടിക്കൊണ്ടു പോയി മർദിച്ച് പണം കവർന്ന ശേഷം റഫീഖിനെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. പണയം വച്ച സ്വർണം തിരിച്ചെടുക്കാനായി പലരിൽ നിന്നും കടം വാങ്ങിയ പണമാണ് കൊള്ളയടിക്കപ്പെട്ടതെന്നാണ് റഫീഖിന്റെ ബന്ധുക്കൾ പറയുന്നത്.