cpm

ബ്രാഞ്ചു സെക്രട്ടറിമാരെ സന്ദർശിച്ച് എം.വി.ജയരാജൻ

കണ്ണൂർ: പ്രാദേശിക ഗ്രൂപ്പുവഴക്കുകളുടെ പേരിൽ പാർട്ടി ഗ്രാമങ്ങളിൽ അണികൾ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നതും നേതൃത്വത്തെ ധിക്കരിക്കുന്നതും ബ്രാഞ്ച് സമ്മേളനങ്ങൾ മാറ്റിവയ്‌ക്കേണ്ട അവസ്ഥയുണ്ടാകുന്നതും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു

. കണ്ണൂരിൽ പാർട്ടിശക്തികേന്ദ്രമായ മൊറാഴക്ക് പിന്നാലെ പയ്യന്നൂരും പാർട്ടിയോട് ഇടഞ്ഞ് കീഴ്ഘടകങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തിൽ അനുനയ നീക്കവുമായി നേതൃത്വം രംഗത്തിറങ്ങി.

പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ കാര ഭാഗത്ത് നിലനിൽക്കുന്ന പ്രശ്നം പരിഹരിക്കാൻ ഇന്നലെ പയ്യന്നൂർ എരിയാ കമ്മറ്റി ഓഫീസിൽ വച്ച് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഇടഞ്ഞു നിൽക്കുന്ന ബ്രാഞ്ചു സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തി . കാര നോർത്ത്, കാര സൗത്ത്, കാര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിമാരാണ് ചർച്ചയിൽ പങ്കെടുത്തത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെ മറ്റൊരു പ്രദേശത്തെ പാർട്ടി പ്രവർത്തകർ, കാരയിലെ പാർട്ടി പ്രവർത്തകരെ മാരകായുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ച പ്രശ്നത്തിൽ കാര നോർത്ത്, സൗത്ത്, വെസ്റ്റ് ബ്രാഞ്ച് പരിധിയിൽ വരുന്ന പ്രവർത്തകർ നൽകിയ പരാതി പരിഗണിക്കപ്പെട്ടില്ലെന്നതാണ് ഇവിടെ പ്രകോപനമായത്. പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റി പ്രശ്നക്കാർക്കൊപ്പം നിന്നുവെന്നായിരുന്നു മൂന്ന് ബ്രാഞ്ചുകളുടെ പൊതു വികാരം. മാസങ്ങളായി ഈ ബ്രാഞ്ചുകൾ നിർജീവമാണ്.

ഈ മൂന്നിടത്തേയും ബ്രാഞ്ച് സമ്മേളനങ്ങൾ ഈ മാസം ഒന്ന്, രണ്ട് തിയതികളിലായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ അംഗങ്ങൾ പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെ നേതൃത്വം ഇടപെട്ട് സമ്മേളനം 21,22 തിയതികളിലേക്ക് മാറ്റി. അതിന് മുമ്പ് പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. ഇന്നലെ നടന്ന ചർച്ചയിൽ പാർട്ടി നിർദേശത്തിനൊപ്പം നിൽക്കാമെന്ന് ബ്രാഞ്ച് സെക്രട്ടറിമാർ അറിയിച്ചെങ്കിലും ഇന്ന് ബ്രാഞ്ച് അംഗങ്ങളുമായി കൂടികാഴ്ച നടത്തിയ ശേഷമായിരിക്കും തുടർനീക്കമെന്നാണ് വിവരം. ഇക്കാര്യം ഇവർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.


ശക്തമായ

വിമർശനം

പയ്യന്നൂർ ഏരിയാകമ്മിറ്റി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും ധനരാജ് രക്തസാക്ഷി ഫണ്ടു വിനിയോഗത്തിലെ തിരിമറിയും പയ്യന്നൂരിലെ ബ്രാഞ്ച് സമ്മേളനങ്ങളിൽ ചൂടേറിയ ചർച്ചയായി. ആരോപണവിധേയനായ എം. എൽ.എയെ സംരക്ഷിച്ചു കൊണ്ടു മുൻ എരിയാ സെക്രട്ടറിയെ ബലിയാടാക്കിയെന്നാണ് വിമർശനം..ആരോപണ, പ്രത്യാരോപണങ്ങൾ ശക്തമായതിനാൽ പല ബ്രാഞ്ച് സമ്മേളനങ്ങളും രാത്രി വൈകിയാണ് അവസാനിക്കുന്നത്.